കൽപറ്റ: സംസ്ഥാനത്ത് 1957ൽ ആദ്യ നിയമസഭ അധികാരമേറ്റത് മുതൽ ഇന്നുവരെ വയനാടിനെ പ്രതിനിധീകരിച്ചവരിൽ ഉൾപ്പെട്ടത് നാല് വനിതകൾ. ഒരു വനിത ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെടാൻ 1980വരെ കാത്തിരിക്കേണ്ടിവന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ടുപേർ തുടർച്ചയായി രണ്ടുതവണ എം.എൽ.എയായി. രണ്ടുപേർ മന്ത്രിമാരുമായി. എം. കമലം, കെ.സി. റോസക്കുട്ടി, രാധാ രാഘവൻ, പി.കെ. ജയലക്ഷ്മി എന്നിവരാണ് വയനാടിെൻറ വനിത പ്രതിനിധികളായത്. മൂന്ന് മണ്ഡലങ്ങളുള്ള വയനാട്ടിൽനിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ വനിതകൾ ഇതുവരെ സഭയിലെത്തിയിട്ടില്ല. വയനാട് ലോക്സഭ മണ്ഡലം രൂപീകൃതമായി മൂന്നു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞെങ്കിലും ഇതുവരെ വനിത പ്രതിനിധിയുണ്ടായിട്ടില്ല.
1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനത പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച എം. കമലം ആർ.എസ്.പിയിലെ എം. അബ്ദുൽ ഖാദറിനെ 13,039 വോട്ടിന് പിന്നിലാക്കിയാണ് കൽപറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച് വയനാട് ജില്ലയിലെ ആദ്യ വനിത എം.എൽ.എ ആയത്. 1982ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജനത പാർട്ടിയിലെ പി.എ. ഹാരിസിനെ 10,875 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അത്തവണ കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായി.
വനിത കമ്മീഷൻ ചെയർപേഴ്സൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ജനത പാർട്ടി കോഴിക്കോട് ജില്ല ചെയർപേഴ്സൻ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1926ൽ ജനിച്ച കോഴിക്കോട്ടുകാരി 2020 ജനുവരിയിലാണ് നിര്യാതയായത്. മാമ്പറ്റ സാമിക്കുട്ടിയാണ് ഭർത്താവ്. അഞ്ച് മക്കളുണ്ട്.
1991ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച കെ.സി. റോസക്കുട്ടി ടീച്ചർ സി.പി.എമ്മിലെ വർഗീസ് വൈദ്യരെ 2,506 വോട്ടുകൾക്ക് പിന്തള്ളിയാണ് നിയമസഭാംഗമായത്. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡൻറായ, സജീവ രാഷ്ട്രീയത്തിൽ തുടരുന്ന ടീച്ചർ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, ജനറൽ സെക്രട്ടറി, മദ്യവർജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വയനാട് മുള്ളൻകൊല്ലിയിൽ 1973ലാണ് ജനനം. പുൽപ്പള്ളി വിദ്യാ ഹൈസ്കൂൾ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെൻറ് മേരീസ് എച്ച്.എസ്.എസിലും ബത്തേരി അസംപ്ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. ജോസഫ് കീരഞ്ചിറ. മൂന്നു മക്കൾ.
1996ലെ തെരഞ്ഞെടുപ്പിൽ പട്ടിക വർഗ സംവരണ മണ്ഡലമായ നോർത്ത് വയനാടിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച രാധ രാഘവൻ സി.പി.എമ്മിലെ കെ.സി. കുഞ്ഞിരാമനെ 7965 വോട്ടിന് പരാജയപ്പെടുത്തി ജനപ്രതിനിധിയായി.
2001ൽ സി.പി.എമ്മിലെ ശാരദ സജീവനെ 13,809 വോട്ടുകൾക്ക് തറപറ്റിച്ച് വീണ്ടും സഭയിലെത്തി.മുൻ എം.എൽ.എയായിരുന്ന കെ. രാഘവൻ മാസ്റ്ററുടെ ഭാര്യയായ ഈ പുൽപള്ളിക്കാരി നിലവിൽ രാഷ്ട്രീയത്തിൽ സജീവമല്ല. മദ്യവർജന സമിതി സംസ്ഥാന പ്രസിഡൻറായും ആദിവാസി വികാസ് പരിഷത്ത് വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1961ൽ ജനിച്ച രാധ രാഘവൻ പൈതലിെൻറയും നാണിയുടെയും മകളാണ്. മൂന്ന് മക്കൾ.
2011ൽ മാനന്തവാടി മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പി.കെ. ജയലക്ഷ്മി 12,734 വോട്ടുകൾക്ക് സി.പി.എമ്മിലെ കെ.സി. കുഞ്ഞിരാമനെ മറികടന്നാണ് ജനപ്രതിനിധിയാവുന്നത്.പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത മന്ത്രിയുമായിരുന്ന ജയലക്ഷ്മിക്ക് പിന്നാക്ക ക്ഷേമ വകുപ്പിെൻറ ചുമതലയായിരുന്നു.
സജീവ രാഷ്്ട്രീയത്തിൽ തുടരുന്ന, നിലവിൽ എ.ഐ.സി.സി അംഗവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജയലക്ഷ്മി കാട്ടിമൂല പാലോട്ട് കുറിച്യത്തറവാട്ടിലെ കുഞ്ഞാമെൻറയും അമ്മിണിയുടെയും ആറു മക്കളിൽ മൂത്തയാളാണ്. ഭർത്താവ്: അനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.