ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭ മാസാന്തര യോഗം ബഹളത്തിൽ മുങ്ങി. ശുചീകരണ തൊഴിലാളികളുടെ കരാർ സംബന്ധിച്ച് ടെൻഡർ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിന് കൗൺസിലർമാരായ ഉസ്മാൻ, രാജേന്ദ്രൻ എന്നിവർ അടങ്ങിയ കൗൺസിലർമാരുടെ ചോദ്യമാണ് ബഹളത്തിനിടയാക്കിയത്. വ്യക്തമായ മറുപടി നൽകാതെ ക്ഷുഭിതയായി ചെയർപേഴ്സൻ പരിമള ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു. ഇതിനിടെ ഉസ്മാൻ പാർട്ടി പ്രശ്നം യോഗത്തിനിടെ വലിച്ചിട്ടതായി ആരോപിച്ച് ഡി.എം.കെ കൗൺസിലർമാരിൽ 10 പേർ ചെയർപേഴ്സന് പിന്നാലെ ഇറങ്ങിപ്പോയി.
കഴിഞ്ഞ മാസത്തെ യോഗം മാറ്റിവെച്ചതായി പത്രങ്ങളിൽ വാർത്ത വന്നതിനെതുടർന്ന് യോഗം നടന്നിരുന്നില്ല. നടന്ന പ്രത്യേക യോഗത്തിൽ എല്ലാ കൗൺസിലർമാരും പങ്കെടുക്കുകയും ചെയ്തിട്ടില്ല. എന്നാൽ പത്തുപേരുടെ പിന്തുണയോടെയാണ് അംഗീകരിച്ചതെന്നാണ് ചെയർപേഴ്സന്റെ മറുപടി.
അതേസമയം യോഗത്തിൽ 10 പേരുടെ പിന്തുണയോടെ കരാറുകാരന് അനുകൂലമായ ടെൻഡർ നൽകിയതിൽ അപാകതയും സംശയവും ഉയർന്നതായി ആരോപിച്ചാണ് ഉസ്മാനും രാജേന്ദ്രനും ചെയർപേഴ്സനോട് ചോദ്യം ഉന്നയിച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഇതിനിടെയാണ് ചെയർപേഴ്സൻ ക്ഷുഭിതയായി ഇറങ്ങിപ്പോയത്. എന്തിനാണ് ഇറങ്ങിപ്പോയതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചായ കുടിക്കാനാണ് പോയതെന്ന് മറുപടിയാണ് ചെയർപേഴ്സൻ പരിമള നൽകിയത്.
പിന്നീട് യോഗം നടന്നെങ്കിലും കൗൺസിലർ ഉസ്മാൻ യോഗം ബഹിഷ്കരിക്കുകയും ചെയ്തു. വിവാദ ടെൻഡർ റദ്ദാക്കി പ്രത്യേക യോഗം വിളിച്ചുചേർത്ത് ഭരണസമിതി അംഗങ്ങളുടെ അനുമതിയോടെ റീ ടെൻഡർ അനുവദിക്കണമെന്നാണ് കോൺഗ്രസ് ഡി.എം.കെ, സി.പി.എം, മുസ് ലിം ലീഗ് കൗൺസിലർ ഉൾപ്പെടെയുള്ള മറ്റ് എട്ട് കൗൺസിലർമാർ ആവശ്യപ്പെട്ടത്.
യോഗത്തിൽ കമീഷണർ ഫ്രാൻസിസ് സേവിയർ, വൈസ് ചെയർമാൻ ശിവരാജ് മറ്റ് ബന്ധപ്പെട്ട വകുപ്പ് അധികൃതരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.