കൽപറ്റ: തുടർച്ചയായി ജില്ലയിലെ ഒരു നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നു തവണ വിജയിക്കുന്നവരിൽ നാലാമനായി ഐ.സി. ബാലകൃഷ്ണൻ. മറ്റു മൂന്നുപേരും കോൺഗ്രസുകാരാണെന്നതും ഐ.സിയുടെ വിജയത്തിളക്കം വർധിപ്പിക്കുന്നു. സുൽത്താൻ ബത്തേരിയെയും കൽപറ്റയെയും പ്രതിനിധാനം ചെയ്ത് കെ.കെ. രാമചന്ദ്രൻ മാസ്റ്ററും നോർത്ത് വയനാട്ടിൽനിന്ന് എം.വി. രാജൻ മാസ്റ്ററും കെ. രാഘവൻ മാസ്റ്ററുമാണ് മുമ്പ് എം.എൽ.എ പദവിയിൽ ഹാട്രിക് നേടിയ വയനാടിെൻറ പ്രതിനിധികൾ. മുൻഗാമികൾ മൂന്നുപേരും അധ്യാപകരായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
1970, 1977, 1980 കാലത്തെ നിയമസഭകളിലാണ് രാജൻ മാസ്റ്റർ അംഗമായത്. 1936ൽ ജനിച്ച അദ്ദേഹം 1957 കാലഘട്ടത്തിലാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം ബാംബു കോർപറേഷൻ ചെയർമാൻ, പട്ടിക ജാതി, പട്ടിക വർഗ വികസന കോർപറേഷൻ അംഗം, കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1990 ഏപ്രിലിലാണ് നിര്യാതനായത്. ലീലയാണ് ഭാര്യ. മൂന്നു മക്കൾ.
രാജൻമാസ്റ്ററുടെ പിൻഗാമിയായി 1982, 1987, 1991 കാലത്തെ സഭകളിലാണ് കെ. രാഘവൻ മാസ്റ്റർ നോർത്ത് വയനാടിനെ പ്രതിനിധാനം ചെയ്തത്. കെ. കുട്ടിരാമെൻറ മകനായി 1944 ഒക്ടോബർ ആറിന് ജനിച്ച മാസ്റ്റർ പട്ടികജാതി, പട്ടികവർഗ ക്ഷേമ കമ്മിറ്റി ചെയർമാൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ആദിവാസി വികാസ് പരിഷത് സംസ്ഥാന കൺവീനർ, വയനാട് ഡി.സി.സി പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1996 ജനുവരി 30നാണ് അന്തരിച്ചത്. 1996, 2001 സഭകളിൽ എം.എൽ.എയായ രാധ രാഘവനാണ് ഭാര്യ. മൂന്നു മക്കൾ.
1980, 1982, 1987 കാലത്താണ് കെ.കെ. രാമചന്ദ്രൻ മാസ്റ്റർ സുൽത്താൻ ബത്തേരിയെ പ്രതിനിധാനം ചെയ്തത്. 1991, 1996, 2001 നിയമസഭകളിൽ കൽപറ്റയുടെയും എം.എൽ.എയായി. ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ തവണ എം.എൽ.എയായതും ഇദ്ദേഹമാണ്. 2006ൽ ഏഴാം അങ്കത്തിൽ എം.വി. ശ്രേയാംസ്കുമാറിനോട് പരാജയപ്പെടുകയായിരുന്നു. കണ്ണൂർ ചൊക്ലിയിലെ നാരായണൻ നമ്പ്യാരുടെയും രുഗ്മിണിയമ്മയുടെയും മകനായി 1936 ഡിസംബർ പതിനൊന്നിനാണ് മാസ്റ്റർ ജനിച്ചത്. 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ച മാസ്റ്റർ 2021 ജനുവരി ഏഴിന് ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ട് െവച്ച് അന്തരിച്ചു.
സുൽത്താൻ ബത്തേരി: യു.ഡി.എഫിെൻറ വിജയം എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിച്ച്. പ്രമുഖ സ്വകാര്യ ചാനലുകൾ നടത്തിയ പ്രവചനങ്ങളിൽ എൽ.ഡി.എഫിനാണ് സുൽത്താൻ ബത്തേരിയിൽ ജയം കൽപിച്ചിരുന്നത്. യു.ഡി.എഫിലെ സംഘടനാശക്തിയിലെ പോരായ്മയും എൽ.ഡി.എഫിെൻറ തുടർഭരണ സാധ്യതയുമാണ് അതിന് അവർ കണ്ടെത്തിയ കാരണങ്ങൾ. ഇവയൊന്നുമല്ല സുൽത്താൻ ബത്തേരിയിൽ വോട്ടർമാരെ സ്വാധീനിച്ചതെന്ന് തെളിയിക്കുന്നതായി ഫലം. തെരഞ്ഞെടുപ്പ് പ്രചാരണം കത്തിനിൽക്കുന്ന സമയത്താണ് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.സി. റോസക്കുട്ടിയുടെ സി.പി.എം പ്രവേശനം. ഇത് വലിയ സാധ്യതയാണ് ഇടതിന് ഉണ്ടാക്കിയതെന്ന് നിരീക്ഷണമുണ്ടായി. റോസക്കുട്ടിയെ ഇറക്കിയും സി.പി.എം പ്രചാരണം കൊഴുപ്പിച്ചിരുന്നു. എന്നാൽ, യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള സുൽത്താൻ ബത്തേരിയിൽ അതൊന്നും ഏശിയില്ല.
സുൽത്താൻ ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ ഇടതുപക്ഷം അധികാരത്തിലേറിയത് നിയമസഭ മണ്ഡലത്തിലെ പോരാട്ടത്തേയും ബാധിച്ചു. യു.ഡി.എഫാണ് നഗരസഭയിൽ അധികാരത്തിലെത്തിയിരുന്നതെങ്കിൽ ചെയർമാനാകുക എം.എസ്. വിശ്വനാഥനായിരുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തായതോടെ കൗൺസിലർ മാത്രമാകാനായിരുന്നു കെ.പി.സി.സി സെക്രട്ടറി കൂടിയായിരുന്നിട്ടും അദ്ദേഹത്തിെൻറ വിധി. തെരഞ്ഞെടുപ്പിന് മുമ്പ്, അദ്ദേഹത്തെ ചെയർമാനാക്കി ഒതുക്കാനാണ് കോൺഗ്രസിലെ ചിലർ ശ്രമിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. യു.ഡി.എഫിലെ ഒത്തൊരുമയില്ലായ്മയാണ് സുൽത്താൻ ബത്തേരി നഗരസഭയിലെ തോൽവിക്ക് പ്രധാന കാരണമായത്. ഡിവിഷനുകളിലെ സ്ഥാനാർഥി നിർണയത്തിലെ പാകപ്പിഴകൾ സംബന്ധിച്ച് നേതാക്കൾക്കിടയിൽ ചർച്ചകൾ സജീവമായിരുന്നുവെങ്കിലും തോൽവി വലയിരുത്താനുള്ള യോഗംപോലും നീണ്ടുപോയി. ഇതോടെ കളം മാറാനുള്ള ചിന്ത എം.എസ്. വിശ്വനാഥനിൽ ശക്തമായി. സ്വന്തം പാർട്ടിയിൽ കിട്ടാത്ത അവസരങ്ങൾ എതിർചേരിയിൽ ചേർന്നാൽ കിട്ടുമെന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹം സി.പി.എമ്മിൽ ചേക്കേറി. നഗരസഭയിലെ പഴേരി വാർഡ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.