കൽപറ്റ: ഏപ്രില്‍ മാസം പകുതി കഴിഞ്ഞതോടെ ജില്ലയിലും ചൂട് കനത്തു. ആഗോള താപനവും എൽനിനോ പ്രതിഭാസവും ഇനിയും ചൂട് വർധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വേനല്‍മഴ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇനിയും ചൂടു വർധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി മാസം വയനാട് ജില്ലയില്‍ ഏറ്റവും കൂടിയ ചൂട് 32.8 ഡിഗ്രിയായിരുന്നു. ഏറ്റവും കുറവ് 13.7ഡിഗ്രിയും. ഫെബ്രുവരി മാസത്തെ ശരാശരി ചൂട് 30 ഡിഗ്രി ആണ്. മാര്‍ച്ച് മാസം എത്തിയതോടെ പോയന്റ് ഏഴ് ഡിഗ്രി വർധിച്ച് ശരാശരി ചൂട് 30.7 ആയി. മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടി ചൂട് 33.5 ഉം ഏറ്റവും കുറഞ്ഞത് 15.9 ആയി രേഖപ്പെടുത്തി.
ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 32 ഡിഗ്രിയോടടുത്ത് മൂന്ന് ദിവസങ്ങളില്‍ ചൂട് രേഖപ്പെടുത്തി. അഞ്ച് ദിവസം 30 ഡിഗ്രിക്ക് മുകളിലുമെത്തി. ഇനിയും ചൂട് വർധിക്കാനാണ് സാധ്യതയെന്നും വേനല്‍ മഴയില്‍ മാത്രമാണ് പ്രതീക്ഷയെന്നും അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ വ്യക്തമാക്കുന്നു. നാമമാത്രമായ വേനല്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി മേഖലയിൽ വേനല്‍മഴ പെയ്തിട്ടില്ല. കനത്ത ചൂടിൽ കൃഷികള്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങുകയാണ്.
തുടർച്ചയായി ഉയർന്ന ചൂട് രേഖപ്പെടുത്തിയതോടെ സൂര്യാതപമടക്കം കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതപം. ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്തചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുളള അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദം മുതലായവയുള്ളവരിലും ഇതുണ്ടാകാൻ സാധ്യതയേറെയാണ്.
കൽപറ്റ: അന്തരീക്ഷ താപനില വർധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്വന്തമായി ട്രാന്‍സ്ഫോർമര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.