മുട്ടിൽ മരംമുറി: മരങ്ങൾ കണ്ടു കെട്ടുന്നത് റദ്ദാക്കിയതിന് പിറകിൽ ഉന്നത ഗൂഢാലോചനയെന്ന്

കൽപറ്റ: മുട്ടിൽ മരം മുറിക്കേസ്സിൽ വനം വകുപ്പ് പിടിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിമരങ്ങൾ കണ്ടു കെട്ടുന്നത് റദ്ദാക്കിയ കോടതിനടപടി,  മരം മുറിക്കേസ്സുകൾ അട്ടിമറിക്കാൻ സംസ്ഥാന സർക്കാറിലെ ഉന്നതരും മരം മാഫിയയും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

കേരള ലാന്റ് അസ്സൈമെന്റ് ആകട് പ്രകാരം സർക്കാർ ഉടമസ്ഥതയിൽ നിക്ഷിപ്തമായതും സംരക്ഷണത്തിന് റവന്യൂവകുപ്പും ഭൂഉടമയും ബാധ്യസ്ഥവുമായ കോടിക്കണക്കിന് രൂപ വിലയുള്ള വീട്ടി മരങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ തൊണ്ടി മുതൽ പിടിച്ചെടുത്ത് വനം വകുപ്പ് ഡെപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. സെക്ഷൻ 61 (എ ) പ്രകാരം അവ സർക്കാറിന് തന്നെ ലഭ്യമാക്കാൻ സൗത്ത് വയനാട് വനം ഡിവിഷൻ നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾ കൽപ്പറ്റ പ്രിൻസിപ്പിൾ ജൂഡീഷ്യൽ കോടതി റദ്ദാക്കിയിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വനംവകുപ്പ് അപ്പീൽ നൽകിയതല്ലാതെ സംസ്ഥാന സർക്കാർ അനങ്ങിയിട്ടില്ല.

പൊതുസ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ഈ ഗൂഢാലോചനയിൽ മരംകൊള്ളക്കാരുടെ കൂടെ നിൽക്കുകയായിരുന്നു ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ താത്ക്കാലിക ചാർജ്ജുള്ളയാൾ. ഇദ്ദേഹം കോടതിയെ വസ്തുതകൾ നേരാംവിധം ബോധിപ്പിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരെ കർക്കശമായ നടപടി വേണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

മരംമുറിക്കേസ്സുകളിൽ കർക്കശ നിലപാടുണ്ടായിരുന്ന മുൻ ജില്ലാ പബ്ളിക് പ്രോസിക്യൂട്ടറും ജഡ്ജിയും തൽസ്ഥാനത്ത് നിന്നും മാറുന്നതു വരെ മരം മാഫിയ കാത്തിരിക്കുകയായിരുന്നു.

മുട്ടിൽ മരംമുറിയടക്കം കേരളത്തിലെ മുഴുവൻ ജില്ലകളിലും അരങ്ങേറിയ മരംകൊള്ളക്ക് ഉത്തരവാദികളായവരുടെ പേരിൽ ദുർബലമായ കേസ്സുകൾ മാത്രമാണെടുത്തത്.  നിയമവിരുദ്ധമായ ഉത്തരവുകൾ പടച്ചുണ്ടാക്കിയതിന് കാരണക്കാരായവർ ശിക്ഷിക്കപ്പെട്ടില്ല. മരം കൊള്ളയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും നടപടികൾ സ്വീകരിക്കാതിരുന്ന അന്നത്തെ വയനാട് ജില്ലാ കലക്ടർ, ഉത്തരവാദികളായ വനം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടിയുണ്ടായിട്ടില്ലെന്ന് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടികാട്ടി.

സർക്കാർ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഗതിയും അവസ്ഥയും ഇപ്പോൾ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. എസ്സ്.ഐ.ടി യുടെ നേതൃത്വത്തിലും വയനാട്ടിലും ഉണ്ടായിരുന്ന ഉണത പൊലീസുദ്യോഗസ്ഥർ, സംഘത്തിൽ ഉണ്ടായിരുന്ന സത്യസന്ധരായ വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം ചുമതലയിൽ നിന്നും ഒഴിവാക്കി. ഒന്നരവർഷമായിട്ടും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മരംമുറികേസ്സുകൾ സർക്കാർ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ജില്ലാ പബ്ളിക് പോസിക്യട്ടർ, മരം കട്ടുകടത്തിയ ക്രിമിനലുകളെ സഹായിച്ചത്. പരിസ്ഥിതി ദുരന്തം മൂലം വൻ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ഹരിത കവചമാകെ ഉന്മൂലനം ചെയ്യാൻ ഭരണത്തിന്റെ ഉന്നതങ്ങളിലുള്ളവരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനക്കെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് എൻ. ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ, ട്രഷറർ  ബാബു മൈലമ്പാടി എന്നിവർ സംസാരിച്ചു.  

Tags:    
News Summary - high-level conspiracy behind the cancellation of tree confiscation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.