മേപ്പാടി: സ്ത്രീകളും കുട്ടികളുമടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ ബസിൽനിന്നിറക്കി വിട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധം.
രാവിലെ 11ന് ചൂരൽമലനിന്ന് കൽപറ്റയിലേക്കുള്ള ബസിൽ കയറിയ അന്തർ സംസ്ഥാന തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം ബസിലെ ജീവനക്കാർ യാത്ര ചെയ്യാൻ അനുവദിക്കാതെ ഇറക്കി വിട്ടതായി പരാതി ഉയർന്നത്.
വസ്ത്രങ്ങളും വീട്ടുപകരണങ്ങളും അടങ്ങിയ ചാക്കുകൾ കയറ്റാൻ പാടില്ലെന്നു പറഞ്ഞാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്ര നിഷേധിച്ചത്.
സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇറക്കിവിട്ടതിനാൽ അവർക്ക് നാട്ടിലേക്കുള്ള ട്രെയിൻ നഷ്ടമായെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് മണിക്കൂറുകളോളം ചൂരൽമലയിലെ കടത്തിണ്ണകളിൽ സമയം ചെലവഴിക്കേണ്ടി വന്നു.
ഒടുവിൽ വാർഡ് മെമ്പർ അടക്കം നാട്ടുകാർ രംഗത്തിറങ്ങി പിരിവെടുത്ത് ടാക്സി ജീപ്പ് ഏർപ്പാടാക്കി അവരെ കൽപറ്റയിലെത്തിക്കുകയായിരുന്നു.
സാധനങ്ങൾ അടങ്ങിയ ചാക്കുകൾ കയറ്റാൻ പറ്റില്ലെന്നു പറഞ്ഞാണ് ബസ് ജീവനക്കാർ അവരെ ഇറക്കി വിട്ടത്.
ധിക്കാരപരമായി പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.