പുൽപള്ളി: കുരുമുളക് വില ഉയർന്നെങ്കിലും അതിെൻറ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ഒരു വർഷത്തിനുശേഷം കുരുമുളക് വില കിലോക്ക് 460 ൽനിന്നും 500ലേക്ക് കടന്നെങ്കിലും ഉൽപാദനക്കുറവ് മൂലമാണ് കർഷകർക്ക് പ്രയോജനം ലഭിക്കാത്തത്.
വിദേശ രാജ്യങ്ങളിൽ ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതാണ് കുരുമുളകിെൻറ ഇപ്പോഴത്തെ വിലവർധനക്ക് കാരണം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കുരുമുളക് വിളവെടുപ്പ്. ഉൽപാദനം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാലിലൊന്നായി ചുരുങ്ങി. ഇറക്കുമതിയും പ്രളയക്കെടുതികളും കാലാവസ്ഥ വ്യതിയാനവും കോവിഡ് പ്രതിസന്ധികളുമെല്ലാം തകർത്ത കൃഷിമേഖലക്ക് ആശ്വാസമായാണ് കറുത്ത പൊന്നിെൻറ വില ഉയർന്നിരിക്കുന്നത്.
രോഗബാധയും കാലാവസ്ഥ വ്യതിയാനവുമെല്ലാം ഉൽപാദനക്കുറവിന് കാരണമായി. 2014 ലായിരുന്നു കുരുമുളകിന് ഏറ്റവും അധികം വില ലഭിച്ചത്. അന്ന് ക്വിന്റലിന് 73,000ന് മുകളിൽ വില വന്നിരുന്നു. പിന്നീട് വില പടിപടിയായി കുറഞ്ഞു. വയനാട്ടിൽ ഏറ്റവുമധികം കുരുമുളക് കൃഷിയുള്ളത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്. ഈ മേഖലയിൽ കുരുമുളക് ഉൽപാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
പുൽപള്ളി: മരച്ചീനി വില കുത്തനെ ഇടിഞ്ഞത് കർഷകരെ തളർത്തുന്നു. വിപണിയിൽ കിലോക്ക് 20 രൂപക്ക് മുകളിലാണെങ്കിലും കർഷകന് ലഭിക്കുന്നത് ഇതിെൻറ പകുതിയിൽ താഴെ വിലയാണ്. മരച്ചീനി കൃഷിയിൽ ശ്രദ്ധിക്കുന്ന നിരവധി കർഷകർ വയനാട്ടിലുണ്ട്. മുൻ വർഷങ്ങളിലെല്ലാം മറ്റ് ജില്ലകളിലേക്കടക്കം മരച്ചീനി കയറ്റിപ്പോയിരുന്നു. കോവിഡ് പ്രതിസന്ധികളെത്തുടർന്ന് പുറം ജില്ലകളിലേക്ക് മരച്ചീനി വയനാട്ടിൽ നിന്ന് കൊണ്ടുപോകാതായതോടെയാണ് കർഷകരും വലയുന്നത്.
അധ്വാനത്തിനനുസരിച്ച് വില കിട്ടാത്തത് കർഷകർക്ക് പ്രയാസമുണ്ടാക്കുന്നു. കപ്പക്ക് വലുപ്പം കൂടിയാൽ എടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇരുപ്പൂട് വാഴയിൽ ജോയിയുടെ കൃഷിയിടത്തിൽ ഉണ്ടായ മരച്ചീനിയെല്ലാം ഏറെ വലുപ്പമുള്ളതായിരുന്നു. ഒരു കപ്പ കിഴങ്ങിനുപോലും 10 കിലോയിലേറെ തൂക്കമുണ്ടായിരുന്നു. ഇത് വിൽക്കാനും ഇദ്ദേഹം ഏറെ പാടുപെട്ടു.
വലിയ കപ്പക്കിഴങ്ങുകൾ വിൽപനക്കാർ കൊണ്ടുപോയില്ല. തുടർന്ന് വൻ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. ഇതേ അവസ്ഥ പല കർഷകർക്കും ഉണ്ടായി. കിഴങ്ങുവർഗ വിളകളുടെയെല്ലാം വില ഇത്തവണ കുത്തനെ ഇടിഞ്ഞു. ചേന, ചേമ്പ്, കാച്ചിൽ, കപ്പ എന്നിവയുടെയെല്ലാം വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് നട്ട വിളകൾ ഇനിയും പലരും പറിച്ചുകൊടുത്തിട്ടില്ല. നാണ്യവിളകളുടെ വിലത്തകർച്ചയെത്തുടർന്നാണ് ഭൂരിഭാഗം കർഷകരും തന്നാണ്ട് ഇടവിള കൃഷികളിലേക്ക് ശ്രദ്ധിച്ചത്. ഈ വിളകളുടെ വിലത്തകർച്ച കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
സുൽത്താൻ ബത്തേരി: പ്രളയം, കോവിഡ്, ലോക്ഡൗൺ എന്നിവ കൊണ്ടുണ്ടായ ദുരിതങ്ങൾക്കു പുറമെ, കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും വന്യമൃഗ ആക്രമണം മൂലമുണ്ടായ വിളനാശവും കൊണ്ട് കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന കർഷകരെ ജപ്തി-ലേല-സർഫാസി നടപടികൾക്ക് വിധേയരാക്കുന്ന മനുഷ്യത്വരഹിതമായ നീക്കം ഉടൻ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് വയനാട് ജില്ല കർഷക പ്രതിരോധ സമിതി ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ജില്ലയിലെ പതിനായിരക്കണക്കിന് കർഷകർക്കു നേരെയാണ് ബാങ്കുകൾ ജപ്തി നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കർഷകരുടെ ബാങ്ക് വായ്പകൾ മുഴുവൻ എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാവണമെന്നും സമിതി ജില്ല സെക്രട്ടറി വി.കെ. സദാനന്ദൻ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പുൽപള്ളി: വയനാട്ടിലെ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വയനാട് സിറ്റി ക്ലബ് നേതൃത്വത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വയനാട് എം.പി തുടങ്ങിയവർക്ക് കത്തയച്ചു.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ കർഷകരെ തളർത്തുന്ന സാഹചര്യത്തിൽ ജപ്തിയുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
സിറ്റി ക്ലബ് ഭാരവാഹികളായ എൻ.യു. ഉലഹന്നാൻ, ബെന്നി മാത്യു, ബാബു, ജോസ് നെല്ലേടം, പി.എ. ഡീവൻസ് തുടങ്ങിയവർ കത്തയക്കലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.