ഗൂഡല്ലൂർ: ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ രണ്ടുപേരെ കൊലപ്പെടുത്തുകയും നിരവധി വീടുകൾ തകർത്തു ജനജീവിതത്തിന് ഭീഷണിയായി മാറിയ പിഎംടു (പന്തല്ലൂർ മഗ്ന 2 ) എന്ന് വനപാലകർ പേരിട്ടു വിളിക്കുന്ന മോഴയാനയെ പിടികൂടി വളർത്താനയാക്കി മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ചെവി കൊടുക്കാതെ ആനയെ പിടികൂടി വനത്തിൽ വിട്ടത് പാഴ് വേലയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആന വീണ്ടും ബത്തേരി ഭാഗത്തേക്ക് എത്തി ഒരാളെ ആക്രമിക്കുകയും അവിടുത്തെ ജനങ്ങൾക്കു ഭീഷണിയായി മാറിയിരിക്കുകയുമാണ്. വെറ്റിനറി ഡോക്ടർമാരെയും സംഘത്തെയും ആഴ്ചകളോളം പന്തല്ലൂർ, ഗൂഡല്ലൂർ ഭാഗത്ത് നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് വനംവകുപ്പ് ഇതിനായി ചെലവിട്ടത്.
ആനയെ പിടികൂടി മുതുമല വനത്തിൽ വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ആനയെ സഞ്ചാരം തിരിച്ചറിയാനായി കോളാർ ഐഡി ഘടിപ്പിച്ചാണ് വിട്ടിരിക്കുന്നതെന്നും ആനയുടെ സഞ്ചാരം പെട്ടെന്ന് നിരീക്ഷിക്കാൻ കഴിയുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും വനം മന്ത്രി കെ.രാമചന്ദ്രൻ വിശദീകരണം നൽകി.
പന്തല്ലൂർ, ഗൂഡല്ലൂർ ഭാഗത്തേക്ക് മോഴയാന എത്താതിരിക്കാനായി മുതുമല അതിർത്തികളിൽ തമിഴ്നാട് വനപാലകർ താപ്പാനകളുമായി പാറാവ് ഏർപ്പെടുത്തിയിരുന്നു. അരിയും ഉപ്പും തിന്ന് രുചിയറിഞ്ഞ മോഴയാന ജനങ്ങൾക്ക് നേരെ ഭീഷണിയായിരുന്നില്ല. ഇപ്പോഴാണ് ജനങ്ങൾക്ക് നേരെ തിരിയാൻ തുടങ്ങിയത്. ആനയെ പിടികൂടി താപ്പാനയാക്കി മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.