വൈത്തിരി: കൽപറ്റ വെള്ളാരംകുന്ന് ദേശീയപാതയോരത്ത് ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ലോറി എത്തിയത് അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരവുമായി. നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ചുരത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ട്. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ മാത്രമേ ചരക്കു ലോറികളെ ഇതുവഴി കടത്തിവിടുന്നുള്ളൂ. ഈ സമയം പരമാവധി 15 ടൺ ഭാരമുള്ള ചരക്കുലോറികൾക്കും ബസുകൾക്കുമാണ് പോകാൻ അനുമതിയുള്ളത്.
എന്നാൽ, ഈ നിയന്ത്രണം കാറ്റിൽ പറത്തിയാണ് ചരക്കുലോറികളുടെ രാത്രിസഞ്ചാരം. 50 ടൺ വരെ ഭാരമുള്ള വാഹനങ്ങൾ ഈ ദിവസങ്ങളിൽ ചുരം കയറിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാനുള്ള ഉദ്യോഗസ്ഥരെയൊന്നും ഇവിടെ കാണാറില്ല. വാഹനങ്ങളുടെ ഭാരവും ലോഡും പരിശോധിക്കേണ്ടത് ഗതാഗത വകുപ്പാണ്. ചുരം നവീകരണവും ഇടിച്ചിലുമുണ്ടായിട്ടും ആർ.ടി.ഒയുടെയോ എൻഫോഴ്സ്മെൻറിെൻറയോ വാഹനങ്ങളൊന്നും ചുരം ഭാഗത്തു വരാറില്ലെന്ന് പറയുന്നു. കലക്ടർ ഗതാഗത നിയന്ത്രണങ്ങൾക്ക് ഉത്തരവിടുകയല്ലാതെ പ്രാവർത്തികമാക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ലോറിയിലെ ലോഡിെൻറ ഭാരവും വേഗവുമാവാം കെട്ടിടം ചരിയുന്നതിന് കാരണമായതെന്ന് കരുതുന്നു.
മാർച്ച് 15 വരെയായിരുന്നു വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് കോഴിക്കോട് കലക്ടർ 20 വരെ നീട്ടി. നവീകരണ പ്രവൃത്തികൾക്കിടയിൽ രാത്രികാലങ്ങളിൽ വൻ ഭാരമുള്ള ലോറികൾ സഞ്ചരിച്ചതാണ് ചുരം റോഡ് ഇടിയാൻ കാരണമായതും. അപകടമുണ്ടാക്കിയ സിമൻറ് ലോറി അമിതഭാരം കയറ്റി ചുരത്തിലൂടെ കടന്നുവരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്നും ലോറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. ഹംസ ആവശ്യപ്പെട്ടു.
വൈത്തിരി: തകർന്ന കെട്ടിടത്തിൽ അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം. പുലർച്ച 4.15നാണ് കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറി ഡ്രൈവർ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ടി.പി. ജോമിയുടെയും ഫയർ ഓഫിസർ ജോസഫിെൻറയും നേതൃത്വത്തിൽ ഏഴംഗ സംഘം സംഭവസ്ഥലത്തെത്തുന്നത്.
ലോറിയുടെ മുക്കാൽ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് കയറിയിരുന്നു. ഈ സമയം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചശേഷം ഏറെ പ്രയാസപ്പെട്ടാണ് ലോറി ഡ്രൈവർ കോഴിക്കോട് മീഞ്ചന്ത സ്വദേശി ഗൗതമിനെ രക്ഷപ്പെടുത്തിയത്. ഗിയർ ലിവറിനും സ്റ്റിയറിങ്ങിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. കട്ടറും മറ്റും ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയത്ത് കെട്ടിടത്തിന് ചരിവ് വന്നിരുന്നില്ല. രണ്ടുമണിക്കൂർ കഴിഞ്ഞാണ് കെട്ടിടം റോഡിലേക്ക് ചരിയുന്നത്.
ലോറി തകർന്ന ഉടൻ വകുപ്പിലെ മുഴുവൻ പേരും രക്ഷാപ്രവർത്തനത്തിന് കെട്ടിടത്തിന് ഉള്ളിലായിരുന്നു. ചരിഞ്ഞ കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ, എയർ കണ്ടീഷനറുകൾ എന്നിവയിൽനിന്ന് പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ കരുതലോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കെട്ടിടം പൊളിക്കുമ്പോഴും മുഴുവൻ സജ്ജീകരണങ്ങളുമായി അഗ്നിശമന സേന സ്ഥലത്ത് നിലയുറപ്പിച്ചു.
ഫയർമാന്മാരായ ജയൻ, ധനേഷ്കുമാർ, അമൃതേഷ്, ആർ. പ്രസാദ്, ഹോം ഗാർഡ് ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.സിമൻറ് ലോഡുമായി ലോറി അമിതവേഗത്തിൽ ഇടിച്ചുകയറിയതുമൂലം പ്രധാനപ്പെട്ട മൂന്നു തൂണുകൾ തകർന്നതാണ് കെട്ടിടം ചരിയാനിടയായത്. നാലായിരത്തിൽ താഴെ മാത്രം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്.കെട്ടിടം തകർന്നിട്ടും ലോറിയുടമകളുടെ ഭാഗത്തുനിന്ന് ഒരു സഹകരണവുമുണ്ടായില്ലെന്ന് ഉടമകൾ പറഞ്ഞു. കെട്ടിടം തകർന്നുണ്ടായ നഷ്ടത്തിനു പുറമെ ഇത് പൊളിച്ചുനീക്കാനും ഉടമകൾക്ക് വലിയ തുക ചെലവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.