കൽപറ്റ: പെയ്തിറങ്ങിയ മഴയിൽ നാടിന്റെ അഭിമാനമായ പെൺകുട്ടിക്കായി ആർപ്പുവിളിയും ആഘോഷവുമായി നാട് സ്വീകരണം നൽകിയപ്പോൾ പെയ്യാൻ മറന്ന് മഴ മാറിനിന്നു. Indian women's cricketer MinnumnikIndian women's cricketer Minnumnik കൽപറ്റയിൽ നൽകിയ ആദരവിന്റെ ഭാഗമായി നടന്ന വർണാഭമായ സ്വീകരണ ഘോഷയാത്ര നഗരമാകെ നിറയുകയായിരുന്നു.
കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി വാദ്യമേളങ്ങളും കല, കായിക പ്രകടനങ്ങളും. താളനിബിഡമായ ഘോഷയാത്ര ജില്ല കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പഴയസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണവേദിക്കരികിൽ എത്തിയപ്പോൾ നിശ്ശബ്ദമായി.
എല്ലാവരും മൗനമായി വേദിക്കരികിലൂടെ കടന്നുപോയി. അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയെങ്കിലും കൊട്ടുംപാട്ടും കനത്തു. നിമിഷങ്ങൾക്കുള്ളിൽ മഴക്ക് ശമനമായി. തുറന്ന ജീപ്പിൽ തലയെടുപ്പോടെ അഭിമാനത്തോടെ മിന്നുമണി കാഴ്ചകാർക്കു നേരെ കൈവീശിയും ചിരിച്ചുനിന്നു.
അകമ്പടിയായി ജീപ്പിൽ മുൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനും. കല്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കാണാൻ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്വീകരണ കേന്ദ്രം വരെ ആളുകളെത്തിയിരുന്നു. വിവിധ കായിക സംഘടന പ്രതിനിധികള്‍, കളരി, കരാട്ടേ, സൈക്കിള്‍, ജൂഡോ പ്രതിനിധികള്‍, വയനാട് യുനൈറ്റഡ് എഫ്.സി പ്രതിനിധികള്‍, വയനാട് ബൈക്കേഴ്സ് ക്ലബ്, ഗ്രാമം കലാസംഘം, എസ്.പി.സി വിദ്യാർഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനേക്ഷേമ ബോര്‍ഡ് ടീം കേരള വളന്റിയേഴ്സ് തുടങ്ങിയവർ സ്വീകരണ യാത്രയിൽ പങ്കെടുത്തു.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ല ക്രിക്കറ്റ് അസോസിയേഷന്, ജില്ല ഭരണകൂടം എന്നിവരുടെ ആഭിമുഖ്യത്തിലാണ് കൽപറ്റയിൽ സ്വീകരണം നല്‍കിയത്. ലക്ഷ്യം കൃത്യമായി നിര്‍വഹിച്ചാല്‍ കഠിധ്വാനത്തിലൂടെ വിജയത്തിലെത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മിന്നു മണി. വലിയ പരിശ്രമങ്ങള്‍ നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച മിന്നു കുട്ടികള്‍ക്ക് നല്‍കുന്നത് ആത്മ പ്രചോദനമാണെന്ന് സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് എന്നിവര്‍ മിന്നുമണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നാസര്‍ മച്ചാന് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്, മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്, ഫുട്ബാള്‍ താരം സുശാന്ത് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം. മധു, യുവജന കമീഷന് അംഗം കെ. റഫീഖ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, ജില്ല ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. അബ്ദുൽ സമദ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ്, മിന്നുമണി എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി വനിത മിന്നുമണിക്ക് ജന്മനാട്ടിൽ നൽകുന്ന പൗരസ്വീകരണം ശനിയാഴ്ച നടക്കും. മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഉച്ചക്ക് 2.30 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മിന്നു മണിയെ തുറന്ന വാഹനത്തിൽ സ്വീകരണ സ്ഥലമായ അമ്പുകുത്തി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ യോഗം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.