കൽപറ്റ: ജില്ലയുടെ വിവിധ വന പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നു. കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതിന് പുറമെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകളും ജനങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകുന്നു. പകൽസമയങ്ങളിൽ പോലും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കഴിയുകയാണ് വനത്തിനോടുത്ത് താമസിക്കുന്ന കുടുംബങ്ങൾ.
പല പ്രദേശത്തും പകൽ പോലും വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകളും തിരിച്ചു പോവാതെ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ഫെൻസിങ് ഉൾപ്പെടെയുള്ളവ പലയിടത്തും തകർന്നു കിടിക്കുന്നതാണ് കാട്ടാന ഉൾപ്പടെ നാട്ടിലിറങ്ങാൻ പ്രധാന കാരണം. കാട്ടാനയുടെ മുന്നിൽ അകപ്പെടുന്ന പലരും തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
കാട്ടാനശല്യം രൂക്ഷമായതോടെ പലകുടുംബങ്ങളും വനാതിർത്തിവിട്ട് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്. കുട്ടികളെ സ്കൂളിൽ വിടാനും പുറത്തുകളിക്കാൻവിടാനും രക്ഷിതാക്കൾ ഭയക്കുകയാണ്. മാസങ്ങളായി ഒറ്റയാൻ ഭീതിപരത്തുന്ന കാട്ടാനയെ കുങ്കി ആനകളെ സ്ഥലത്തെത്തിച്ച് ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
സുൽത്താൻബത്തേരി: പകൽസമയങ്ങളിലും ജനവാസകേന്ദ്രത്തിൽ കാട്ടാന ഇറങ്ങുന്നത് കാരണം നൂൽപ്പുഴ പണയമ്പം കോടാർകുന്നിൽ പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ദുരിതത്തിൽ. രണ്ട് മാസമായി തുടർച്ചയായി പ്രദേശത്തെത്തുന്ന പിടിയാനയാണ് ഭീതിപരത്തുന്നത്. വനാതിർത്തിയിൽ കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പ്രതിരോധിക്കാനായി സ്ഥാപിച്ച ഫെൻസിങ് തകർത്താണ് പിടിയാന നാട്ടിലിറങ്ങുന്നത്.
പുറംതോട്ടത്തിൽ ഷാജിയുടെ കൃഷിയിടത്തിലെ കവുങ്ങുകൾ രണ്ട് മാസംകൊണ്ട് നശിപ്പിച്ചു. കായ്ഫലമുള്ള നൂറ് കവുങ്ങുകളാണ് നശിപ്പിച്ചത്. പ്രദേശത്ത് ഭീതിപരത്തുന്ന ഒറ്റയാൻ വീടുകളുടെ സമീപം പകൽ എത്തുന്നതും കുടുംബങ്ങളെ ആശങ്കയിലാക്കുകയാണ്.
പുൽപള്ളി: പൂതാടി പഞ്ചായത്തിലെ ഇരുളം ചുണ്ടക്കൊല്ലി , ഓർക്കടവ്, പ്രദേശങ്ങളിലും കാട്ടാനശല്യം അനുദിനം വർധിക്കുന്നു. നിത്യവും കൃഷിയിടങ്ങളിലിറങ്ങി ആനക്കൂട്ടം വ്യാപകനാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ആനകളെ തുരത്തുന്നതിനായി മുത്തങ്ങയിൽ നിന്നും കുങ്കിയാനകളെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, ഉൾവനത്തിലേക്ക് കയറ്റിവിട്ട കാട്ടാനകൾ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങിയെത്തി.
വനാതിർത്തിയിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ല. ഇതാണ് കാടിറങ്ങി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്താൻ കാരണം. ഇരുളത്തിനടുത്ത് കാപ്പി എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് കാട്ടാനകൾ പകൽ സമയം തങ്ങുന്നത്. ഈ ആനകളാണ് സന്ധ്യമയങ്ങുന്നതോടെ നാട്ടിൽ എത്തുന്നത്. ആനകളെ തുരത്തുന്നതിന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തകർന്നുകിടക്കുന്ന പ്രതിരോധ സംവിധാനങ്ങൾ നന്നാക്കാൻ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സുൽത്താൻബത്തേരി: കാടിറങ്ങി ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുപോത്തുകളെ വനത്തിലേക്ക് തിരിച്ചു വിടാനുള്ള ശ്രമങ്ങൾ ഞായറാഴ്ച രാത്രിയോടെ ഏറെക്കുറെ പൂർത്തിയായി. ചുള്ളിയോടിനടുത്തെ മംഗലംകാപ്പ്, വലിയവട്ടം, അരിമാനി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി രണ്ട് കാട്ടുപോത്തുകൾ എത്തിയത്. പിന്നീടത് പൂമല ഭാഗത്തേക്ക് നീങ്ങി.
സുൽത്താൻ ബത്തേരി മൈതാനിക്കുന്നിലും ശനിയാഴ്ച രാത്രി കാട്ടുപോത്ത് എത്തിയിരുന്നു. പഴൂർ വനത്തിലേക്ക് ഒരു കാട്ടുപോത്തിനെ ശനിയാഴ്ച കയറ്റിവിട്ടതായി വനം അധികൃതർ പറഞ്ഞു. അവശേഷിച്ചതിനെ തൊവരിമല ഭാഗത്തെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമമാണ് ഞായറാഴ്ച നടന്നത്. കാട്ടുപോത്തുകൾ ആക്രമണ സ്വഭാവം കാണിക്കാത്തതിനാൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.