മാനന്തവാടി: മൂന്നാര്‍ പെട്ടിമുടി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കമ്പമലയിലെ തൊഴിലാളികൾ. ചിതലരിച്ച മേൽക്കൂരകൾ, ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ... തലപ്പുഴ കമ്പമലയിലെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥയാണിത്.
കേരള ഫോറസറ്റ് ഡെവലപ്മെൻറ് കോര്പറേഷന് കീഴിലെ തേയിലത്തോട്ടത്തിലെ പാടിയിലെ 20 കുടുംബങ്ങളാണ് ഭീതിയോടെ ഇടിഞ്ഞുപൊളിയാറായ ലയത്തിനുള്ളില്‍ ജീവിതം തള്ളിനീക്കുന്നത്.
1991ലാണ് ശ്രീലങ്കൻ അഭയാർഥികൾക്കായി കമ്പമലയില്‍ തേയിലത്തോട്ടം ആരംഭിക്കുന്നത്. അന്നുമുതല്‍ അഭയാര്‍ഥികളായ 92 കുടുംബങ്ങളാണ് ഇവിടെ തൊഴില്‍ ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത, സിമൻറ് ഷീറ്റുകളിട്ട മോശം ചുറ്റുപാടുള്ള ലയങ്ങൾ. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന 20 കുടുംബങ്ങള്‍ ഈ ലയങ്ങളില്‍ അന്തിയുറങ്ങുന്നുണ്ട്. ചെങ്കുത്തായ കുന്നിൻചരിവിന് താഴെയാണ് ലയങ്ങൾ.
2018ലെ പ്രളയത്തില്‍ പാടിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
സുരക്ഷിതമായ സ്ഥലത്തേക്ക് ലയങ്ങള്‍ മാറ്റണമെന്ന തൊഴിലാളികളുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പഞ്ചായത്തിെൻറ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുകയാണെങ്കില്‍ ഇവരുടെ ലയങ്ങളിലെ താമസം ഒഴിവാക്കാന്‍ കഴിയും. തവിഞ്ഞാല്‍ പഞ്ചായത്ത് അതിന് തയാറാവണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.