കൽപറ്റ: ജില്ലയുടെ പരിസ്ഥിതി സന്തുലനത്തിൽ പ്രധാന പങ്കുവഹിക്കുന്ന അരുണമലയിലും പരിസരത്തും വിനോദസഞ്ചാര പദ്ധതികൾ അനുവദിക്കില്ലെന്നും ഇക്കോ ടൂറിസം നടത്താനുള്ള ശ്രമത്തിൽനിന്ന് വനം വകുപ്പ് പിന്മാറണമെന്നും അരുണമല കാട്ടുനായ്ക്ക ഗ്രാമത്തിലെ കുടുംബങ്ങളുടെ യോഗം ആവശ്യപ്പെട്ടു.
നിലവിൽ കോളനിക്ക് സമീപമുള്ള ഹോം സ്റ്റേകളും റിസോർട്ടുകളും ഉടൻ അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകാനും പ്രക്ഷോഭം സംഘടിപ്പിക്കാനും ആവശ്യമെങ്കിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകരും തീരുമാനം സൗത്ത് വയനാട് ഡി.എഫ്.ഒ, ജില്ല കലക്ടർ എന്നിവരെ അറിയിച്ചു.
പുൽമേടുകളും നിത്യഹരിത വനങ്ങളും ചേർന്ന അപൂർവമായ ആവാസ വ്യവസ്ഥയാണ് അരുണമല പ്രദേശം. നൂറ്റാണ്ടുകളായി കാട്ടുനായ്ക്ക കുടുംബങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. 60 കുടുംബങ്ങൾ ഒരേക്കർ മുതൽ ആറേക്കർ വരെയുള്ള ഭൂമിയിൽ ഏലവും കുരുമുളകും കൃഷി ചെയ്ത് പട്ടിണിരഹിതവും സമ്പന്നവുമായ ജീവിതമാണ് നയിക്കുന്നത്. എന്നാൽ, ടൂറിസം പിടിമുറുക്കിയതോടെ അഞ്ചുവർഷമായി തങ്ങളുടെ ജീവിതം ദുസ്സഹമാണെന്ന് ഇവർ പറയുന്നു.
കോളനിക്കടുത്തുള്ള റിസോർട്ടുകളിൽ എത്തുന്ന സന്ദർശകർ ചുറ്റുമുള്ള പുൽമേടുകളിലും മലന്തലപ്പുകളിലും ഗ്രാമത്തിലും രാപ്പകൽ ഭേദമില്ലാതെ ബഹളംവെച്ച് കയറിയിറങ്ങി ശല്യം ചെയ്യുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. ആദിവാസി ഫണ്ട് ഉപയോഗിച്ച് അവർക്ക് മാത്രമായുണ്ടാക്കിയ റോഡിലൂടെ സ്ത്രീകൾക്കും മറ്റും നടക്കാൻ കഴിയാത്ത അവസ്ഥയായി. സഞ്ചാരികളുടെ ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് അപേക്ഷിച്ച് ആദിവാസി ക്ഷേമ- വനം ഉദ്യോഗസ്ഥർക്കും കലക്ടർക്കും രണ്ടുവർഷത്തിനിടെ പല പ്രാവശ്യം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ട്രക്കിങ്ങും ടെൻറ് ടൂറിസവും ആരംഭിക്കാനാണ് വനം വകുപ്പ് തകൃതിയായ നീക്കം നടത്തുന്നത്.
ടൂറിസം പദ്ധതി അരുണമലയിലേക്ക് വരുന്നതോടെ ചുറ്റുമുള്ള പുൽമേടുകളും നിത്യഹരിതവനവും നശിക്കുകയും മൊട്ടക്കുന്നാവുകയും ചെയ്യും. കാട്ടുതീ രൂക്ഷമാകും. അതോടെ ജലസുരക്ഷ തകരുകയും മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവുമെന്നും ഇവർ പറയുന്നു. ബി. അഖിൻ പ്രസിഡൻറും എ.എം. മുരളി സെക്രട്ടറിയുമായാണ് ആക്ഷൻ കമ്മറ്റി രൂപവത്കരിച്ചത്. യോഗത്തിൽ കെ. മണി അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ, തോമസ് അമ്പലവയൽ, എ.വി. മനോജ്, അരുൾ ബാദുഷ, റോണി പൗലോസ്, മധു അരുണമല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.