കല്പറ്റ: ദേശീയ നേതാവും ശക്തരായ നേതാക്കളിൽ ഒരാളുമായ ആനി രാജ വയനാട്ടില്‍ സ്ഥാനാർഥിയായിട്ടും നില മെച്ചപ്പെടുത്താനാകാതെ എൽ.ഡി.എഫ്. 2019 ൽ നേടിയ വോട്ടിങ് ശതമാമാനത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ ആനിരാജയുടെ സാന്നിധ്യത്തിനായില്ല. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മുൻ വർഷത്തെ നാലേ കാൽ ലക്ഷത്തിൽനിന്ന് ഒന്നര ലക്ഷത്തിൽ താഴെയാക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ രഹസ്യമായി പറഞ്ഞിരുന്നത്. എന്നാൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഴുപതിനായിരത്തിന്റെ കുറവാണ് ഉണ്ടായത്.
മണ്ഡലത്തില്‍ പോള്‍ ചെയ്ത 10,74,623 വോട്ടില്‍ 6,47,445 (59.69 ശതമാനം) എണ്ണമാണ് രാഹുല്‍ ഗാന്ധിക്കു ലഭിച്ചത്. ആനി രാജക്ക് ലഭിച്ചതാകട്ടെ 2,83,023 വോട്ടും (26 ശതമാനം). 2019ല്‍ 64.8 ശതമാനം വോട്ടാണ് രാഹുല്‍ ഗാന്ധിയുടെ പെട്ടിയിൽ വീണതെങ്കിൽ സി.പി.ഐയിലെ പി.പി. സുനീറിന് ആകെ വോട്ടിന്റെ 25.2 ശതമാനമാണ് ലഭിച്ചത്. 10,74,623 പേരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6.85 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആനി രാജ വന്നിട്ടും വോട്ടിങ് ശതമാനം ഉയർത്താനാകാത്തത് മുന്നണിയുടെ വോട്ടുകൾ പൂർണമായും ആനിരാജക്ക് ലഭിക്കാത്തതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
2019ല്‍ 4,31,394 വോട്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഇക്കുറി 3,64,422 ആയി കുറഞ്ഞു. ഇതിന്റെ നേട്ടംപോലും എൽ.ഡി.എഫ് അക്കൗണ്ടിലെത്തിയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുംമുമ്പേ ആനി രാജ മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങിയിരുന്നു. രാഹുലാകട്ടെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് വയനാട്ടിലെത്തുന്നത്. പോരാട്ട നായികയായി അറിയപ്പെടുന്ന ആനി രാജക്ക് ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ സ്വരൂപിക്കാനാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. അസംഘടിത വിഭാഗത്തില്‍പ്പെട്ടവരുടേയും തൊഴിലാളികളുടെയും വോട്ടുലഭിക്കുമെന്നും എൽ.ഡി.എഫിന് പ്രതീക്ഷയുണ്ടായിരുന്നു. കഴിഞ്ഞ തവണ രാഹുൽ തരംഗത്തിൽ മറിഞ്ഞ വോട്ടുകളും ഇത്തവണ പെട്ടിയിലെത്തുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ഇതൊന്നും യാഥാർഥ്യമായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.