മാനന്തവാടി: അന്യംനിന്നുപോകുന്ന നാടൻ മീനുകൾക്ക് നീന്തിത്തുടിക്കാനും പക്ഷികൾക്ക് കൂടുകൂട്ടാനും ഇടമൊരുക്കി എടവകയിൽ ജൈവവൈവിധ്യ പാർക്ക് പ്രവർത്തനം പുരോഗമിക്കുന്നു. എടവക പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ജൈവ വൈവിധ്യ പരിപാലനത്തിന് ഊന്നൽ നൽകി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായവും വികസന പദ്ധതി തുകയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുകയും ചേർത്ത് അയിലമൂലയിൽ ആരംഭിക്കുന്ന ജലാശയ ജൈവ വൈവിധ്യ പാർക്കിന്റെയും പക്ഷി സങ്കേതത്തിന്റെയും പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
കുസാറ്റ് സർവകലാശാലയിലെ നാനോ സയന്റിസ്റ്റായിരുന്ന ഡോ. ജോസഫ് മക്കോളിൽ അഞ്ചു വർഷത്തേക്ക് സൗജന്യമായി എടവക പഞ്ചായത്തിന് വിട്ടുനൽകിയ രണ്ടരയേക്കർ ഭൂമിയിലാണ് ജലാശയ ജൈവ വൈവിധ്യ പാർക്ക് ഒരുങ്ങുന്നത്. വംശനാശം സംഭവിക്കുന്ന തനത് മത്സ്യയിനങ്ങളെ കണ്ടെത്തി പാർക്കിൽ തയാറാക്കിയ കുളങ്ങളിൽ നിക്ഷേപിച്ചു സംരക്ഷിക്കുക, ശലഭോദ്യാനം തയാറാക്കുക, മിയാവാക്കി വന നിർമാണം, ഔഷധ സസ്യോദ്യാന നിർമാണം, ജൈവ വൈവിധ്യ മ്യൂസിയം എന്നിവക്ക് ഊന്നൽ നൽകിയാണ് അയിലമൂല - ചൊവ്വ റോഡരികിലായി സ്ഥിതി ചെയ്യുന്ന ജലാശയ ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നത്.
അയിലമൂല അങ്ങാടിയോട് ചേർന്നു കിടക്കുന്ന വന സമാനമായ രണ്ടരയേക്കർ സ്ഥലത്താണ് പക്ഷി സങ്കേതം വികസിപ്പിച്ചെടുക്കുന്നത്. പക്ഷി നിരീക്ഷകനും ബാംഗ്ലൂർ ക്രൈസ്റ്റ് കോളജ് ജന്തുവിഭാഗം തലവനുമായിരുന്ന ഡോ. പി.യു. ആന്റണിയാണ് പക്ഷി സങ്കേതത്തിനാവശ്യമായ രണ്ടരയേക്കർ സ്ഥലം അഞ്ചു വർഷത്തേക്ക് പഞ്ചായത്തിന് വിട്ടുനൽകിയത്. പക്ഷികളെ ആകർഷിക്കുന്ന ഫലവൃക്ഷ ചെടികൾ നട്ടുവളർത്തുക, ജലാശയങ്ങൾ നിർമിക്കുക, സന്ദർശകർക്കുള്ള വാക്ക് വേ, വാച്ച് ടവർ, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കുക തുടങ്ങിയവയാണ് പക്ഷി സങ്കേതത്തിൽ ഒരുക്കുക. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവൃത്തി ആരംഭിച്ചു.
തനത് നെൽ വിത്തുകളുടെ സംരക്ഷകനും ജിനോം സേവ്യർ അവാർഡ് ജേതാവുമായ ചെറുവയൽ രാമൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് പുതുതായി നിർമാണം പൂർത്തീകരിച്ച മത്സ്യക്കുളങ്ങളിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശലഭോദ്യാനത്തിലേക്കാവശ്യമായ സസ്യങ്ങളുടെ നടീൽ കർമം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിഹാബ് ആയാത്ത് നിർവഹിച്ചു.
കണ്ണൂർ സർവകലാശാല സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെ ആരംഭിച്ച, സസ്യങ്ങളെ അടയാളപ്പെടുത്തൽ പ്രവൃത്തി ജോസഫ് മക്കോളിൽ നിർവഹിച്ചു. ഒരപ്പ് നാട്ടറിവ് കേന്ദ്രവുമായി സഹകരിച്ച് ഭക്ഷ്യവൈവിധ്യ മേളയും ജൈവ വൈവിധ്യ പ്രദർശനവും സംഘടിപ്പിച്ചു. ജനപ്രതിനിധികളായ ഉഷ വിജയൻ, ലത വിജയൻ, ജില്ല കോഓഡിനേറ്റർ പി.ആർ. ശ്രീരാജ്, ബി.എം.സി അംഗങ്ങളായ പി.ജെ. മാനുവൽ, പി. അച്ചപ്പൻ, കൃഷി ഓഫിസർ ജി.വി. രജനി, സി.എച്ച്. ഷമീൽ, മഞ്ജിമ ഗണേഷ്, ജോൺ നാമല, പ്രവീൺ രാജഗിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.