മാനന്തവാടി: കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷത്തോളമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ തകൃതി. നവംബർ ഒന്ന് മുതലാണ് സ്കൂൾ തുറക്കുക. ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്തി പഠിപ്പിക്കാനാണ് സർക്കാർ നിർദേശം. ഒരു സമയം പകുതി കുട്ടികൾ മാത്രമാണ് ക്ലാസിൽ ഉണ്ടാവുക. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നൽകേണ്ടി വരും. മാനന്തവാടി മേഖലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മുന്നൊരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായതായി സ്കൂൾ അധികൃതർ പറഞ്ഞു.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 1292 കുട്ടികളും ഹയർ സെക്കൻഡറിയിൽ 330ഉം വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 100 അടക്കം 1722 കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ക്ലാസ് മുറികളുടെ അണു നശീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കോവിഡ് രോഗികളെ പാർപ്പിച്ചിരുന്ന ക്ലാസ് മുറികൾ പൂർണമായും അണുമുക്തമാക്കി. തെർമൽ സ്കാനർ, സാനിറ്റൈസർ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപക-രക്ഷാകർതൃ സമിതി. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്കൂൾ പരിസരത്തെ കാട് വെട്ടിനീക്കൽ പൂർത്തീകരിക്കാനായിട്ടില്ല. സ്കൂൾ വാഹനങ്ങളും കെട്ടിടങ്ങളും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടി. അതേസമയം, സ്കൂളിൽ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിട്ടില്ലെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സലീം അൽത്താഫ് പറഞ്ഞു. എന്തു തന്നെയായാലും ഒന്നിന് ഉത്സവാന്തരീക്ഷത്തിൽ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പി.ടി.എ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.