മാനന്തവാടി: പൊടിശല്യവും ഗതാഗതക്കുരുക്കും മൂലം മാനന്തവാടി നഗരത്തിൽ വാഹനയാത്രക്കാരും കാൽനടക്കാരും വ്യാപാരികളും വലയുന്നു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായാണ് ജനങ്ങൾ ദുരിതം പേറുന്നത്. എരുമത്തെരുവ് മുതൽ എൽ.എഫ് യു.പി സ്കൂൾ ജങ്ഷൻ വരെയാണ് നഗരത്തിലെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
രണ്ട് മാസത്തേക്ക് എരുമത്തെരുവ് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസം പിന്നിട്ടിട്ടും ഓവുചാൽ നിർമാണം പൂർത്തീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ചില സ്ഥലങ്ങളിൽ ഉടമകൾ കെട്ടിടം പൊളിച്ചുനീക്കി കൊടുക്കാത്തതാണ് പണി ഇഴയാൻ കാരണം.
ഇതു മൂലം രാത്രിയും പകലും ഒരുപോലെ ഗതാഗതക്കുരുക്ക് അനുഭപ്പെടുകയാണ്. ഏതാനും ചില വ്യാപാരികളായ കെട്ടിട ഉടമകളുടെ പിടിവാശി മൂലം ഭൂരിഭാഗം കച്ചവടക്കാരാണ് കഷ്ടപ്പെടുന്നത്. സ്ഥലസൗകര്യം ഒരുക്കിയാൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നാണ് കരാറുകാരായ ഊരാളുങ്കൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ നിലപാട്.
ഓവുചാൽ, കലുങ്ക് നിർമാണങ്ങൾ പൂർത്തിയാകുന്ന മുറക്കേ റോഡ് ടാറിങ് പ്രവൃത്തികൾ ആരംഭിക്കു. ഫലത്തിൽ നഗരത്തിലെ ഗതാഗത ക്കുരുക്ക് മാസങ്ങളോളം നീണ്ടുനിന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.