മാനന്തവാടി: ജില്ലയിൽ ആദ്യമായി വിദഗ്ധ ചികിത്സക്കായി രോഗിയെ കൊണ്ടുപോകുന്നതിനായി എയർ ആംബുലൻസ് എത്തിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാക്കം വെള്ളച്ചാൽ പോളിനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.05ഓടെ കോയമ്പത്തൂരിൽ നിന്നുള്ള ഹെലികോപ്ടർ മാനന്തവാടി ഗവ. ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലെത്തിയത്.
എന്നാൽ, ഹെലികോപ്ടർ എത്താൻ വൈകിയതിനെ തുടർന്ന് റോഡുമാർഗം ആംബുലൻസിൽ പോളിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു, ചിപ്സൺ ഏവിയേഷന്റെ ബെൽ 407 വിഭാഗത്തിൽപെട്ട ഹെലികോപ്ടറാണ് മാനന്തവാടിയിലെത്തിയത്. ക്യാപ്റ്റൻ ഡോളിയും സഹായിയുമാണ് ഇതിൽ ഉണ്ടായിരുന്നത്.
അതേസമയം, പോളിനെ ഐ.സി.യു ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള നാല് സീറ്റുകളുള്ള ഹെലികോപ്ടറാണ് പോളിനെ കൊണ്ടുപോകാനെത്തിയത്.
വാരിയെല്ലിന് സാരമായി പരിക്കേറ്റ രോഗിയെ കൊണ്ടുപോകുന്നതിന് സ്ട്രെച്ചർ ഉൾപ്പെടെ സജ്ജീകരണങ്ങളില്ലാത്ത ഹെലികോപ്ടർ എയർ ആംബുലൻസായി എത്തിച്ചെതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. രണ്ടു മണിയോടെ ഹെലികോപ്ടർ തിരിച്ചുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.