മാനന്തവാടി: മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ല കലക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫിസില്‍ നടത്തിയ അദാലത്തില്‍ 59 പരാതികള്‍ പരിഗണിച്ചതില്‍ 32 പരാതികള്‍ തീര്‍പ്പാക്കി.
പഞ്ചായത്ത് വിഭാഗത്തിലെ 18, റവന്യൂ വിഭാഗത്തിലെ ഒമ്പത്, ആര്‍.ടി.ഒ വിഭാഗത്തിലെ രണ്ട്, ബാങ്ക് സംബന്ധമായ രണ്ട്, എസ്.സി, എസ്.ടി വിഭാഗത്തിലെ ഒരു പരാതിയുമാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ള അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൈമാറി.
പുതുതായി ലഭിച്ച ആറ് അപേക്ഷകളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫിസുകളിലേക്കയച്ചു. മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം, സര്‍വേ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവയൊഴിച്ചുള്ള അപേക്ഷകളാണ് പരിഗണിച്ചത്.
പനമരം എരനെല്ലൂര്‍, പുളിമൂല കോളനിവാസികളെ പുനരധിവസിപ്പിക്കാനും അദാലത്തിൽ തീരുമാനമായി. കോളനിയിലുള്ളവരുടെ പരാതി കേട്ട കലക്ടർ, താമസിക്കാന്‍ യോഗ്യമായ ഭൂമി ട്രൈബല്‍ വകുപ്പ് അധികൃതരുടെ സഹായത്തോടെ കണ്ടെത്താനും ഭൂമി കണ്ടെത്തിയാല്‍ സ്ഥലം വാങ്ങി നല്‍കാമെന്ന ഉറപ്പും നല്‍കി.
പനമരം എരനെല്ലൂര്‍, പുളിമരം കോളനിവാസികളായ രശ്മി, ശാന്ത, ലീല, മിനി എന്നിവരുടെ കുടുംബങ്ങള്‍ നിലവില്‍ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്.
എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, കെ.കെ. ഗോപിനാഥ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഭൂരേഖ തഹസില്‍ദാര്‍ പി.യു. സിത്താര, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.