മാനന്തവാടി: കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം കേസ് വിചാരണ അവസാനഘട്ടത്തിലേക്ക്. വിചാരണക്കായി ഇനി അവശേഷിക്കുന്നത് അന്വേഷണച്ചുമതലയുണ്ടായിരുന്ന മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ മാത്രമാണ്. ഇദ്ദേഹത്തിെൻറ വിചാരണ ഡിസംബര്‍ ഒന്നു മുതൽ നടക്കും. മൂന്നോ നാലോ ദിവസത്തെ വിചാരണയോടെ കേസിലെ മുഴുവന്‍ സാക്ഷികളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാവും.
പിന്നീട് പ്രതിയെ ചോദ്യംചെയ്ത് പ്രതിഭാഗം തെളിവ് ഹാജരാക്കി വാദം പൂര്‍ത്തിയാക്കിയാല്‍, കോടതി വിധിപ്രസ്താവത്തിലേക്ക് നീങ്ങും. ഡിസംബറിൽതന്നെ വിധി ഉണ്ടായേക്കും. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 ഓളം പേരെ മാത്രമാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.
2018 ജൂലൈ ആറിനായിരുന്നു വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും (26), ഭാര്യ ഫാത്തിമയും (19) വെട്ടേറ്റ് കൊല്ലപ്പെട്ടത്. മോഷണ ഉദ്ദേശ്യത്തോടെ ദമ്പതികളെ കൊലപ്പെടുത്തി 10 പവനോളം സ്വര്‍ണാഭരണമായിരുന്നു പ്രതി കവര്‍ന്നത്. രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണ് തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിലെ പ്രതിയെ പൊലീസ് സംഘം വിദഗ്ധമായി പിടികൂടിയത്. തൊട്ടില്‍പാലം സ്വദേശി കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന് എന്ന വിശ്വനാഥനാണ് കേസിലെ പ്രതി.
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് കല്പറ്റ ജില്ല കോടതിയില്‍ വിചാരണ ആരംഭിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. ഷൈജു മാണിശ്ശേരിയാണ് പ്രതിക്ക് കോടതിയില്‍ നിയമസഹായം നല്‍കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.