മാനന്തവാടി: പ്രായപൂർത്തിയാവാത്ത പട്ടികവർഗത്തിൽപെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാൾ പിടിയിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽ കുമാറിനെയാണ് (36) ഡിവൈ.എസ്.പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കൾക്ക് നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചുമാണ് ഇയാൾ വിവാഹത്തിന് ഒത്താശ ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. ഇതിനായി ആധാർ കാർഡിന്റെ കോപ്പിയിൽ ജനന തീയതി തിരുത്തി.
കേസിലെ ഒന്നാം പ്രതിയും ഉയർന്ന ജാതിക്കാരനുമായ വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ. സുജിത്തുമായി (40) 2024 ജനുവരിയിലാണ് വിവാഹം നടത്തിയത്. ഇതിനായി സുജിത്തിൽനിന്നും സുനിൽ കുമാർ ബ്രോക്കർ ഫീസായി വലിയ തുക കൈപ്പറ്റിയിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കൂടുതൽ പെൺകുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളെ ജില്ലക്കകത്തും പുറത്തും വിവാഹവും പുനർ വിവാഹം നടത്തിക്കൊടുക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ദല്ലാൾ സംഘത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എസ്.എം.എസ് ഡി.വൈ.എസ്.പി അബ്ദുൽകരീം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.