വെള്ളമുണ്ട: ബാണാസുര മലയുടെ പാരിസ്ഥിതിക പ്രാധാന്യമുള്ള പെരുങ്കുളം ഭാഗത്തെ അനധികൃത നിർമാണ പ്രവൃത്തിക്കെതിരെ റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ നടപടിയില്ല. വന്‍തോതിലുള്ള മണ്ണെടുപ്പും ജലസ്രോതസ്സുകളിലുള്പ്പെടെ മണ്ണ് നികത്തലും സംബന്ധിച്ച് റവന്യുവകുപ്പ് ജില്ല ദുരന്തനിവാരണ സമിതിക്ക് റിപ്പോര്‍ട്ട് നല്കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഉന്നതരാഷ്ട്രീയ സ്വാധീനമാണ് നടപടിയെടുക്കുന്നതിന് തടസ്സമെന്ന പരാതിയാണ് ഉയരുന്നത്.
ബാണാസുര മലയുടെ വിവിധ ഭാഗങ്ങളിലായി പ്ലാന്റേഷൻ ഭൂമി തരംമാറ്റി അനധികൃത നിർമാണ പ്രവൃത്തികൾ വ്യാപകമായിട്ടും ജില്ല കലക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ സമിതി നടപടി എടുക്കാത്തതിൽ ദുരൂഹതയുണ്ട്. ജനുവരി ആദ്യവാരത്തിലാണ് നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസ്രോതസ്സ് തടസ്സപ്പെടുത്തുന്നവിധം വന്‍തോതില്‍ മണ്ണ് തള്ളിയത്. യന്ത്രങ്ങളുപയോഗിച്ച് കുഴിച്ചെടുത്ത മണ്ണ് നീർച്ചാൽ നികത്തി തോട്ടില്‍ നിക്ഷേപിച്ചത് വിവാദമായിരുന്നു.
നാട്ടുകാരുടെ പരാതി പ്രകാരം വില്ലേജ് ഓഫിസര്‍ താല്‍ക്കാലികമായി പ്രവൃത്തികള്‍ നിര്ത്തിവെക്കാനാവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായിട്ടില്ല. ബാണാസുര പ്രകൃതി സംരക്ഷണ സമിതിയുടെ പരാതി പ്രകാരം മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ച് ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുമ്പ് കരിങ്കല്‍ക്വാറി പ്രവര്‍ത്തനം നടത്തിയിരുന്ന പ്രദേശത്ത് സ്വകാര്യ ഭൂമിയിലേക്ക് പുതുതായി റോഡ് നിര്‍മിക്കുന്നതിനായി കുഴിച്ചെടുത്ത മണ്ണ് തോട്ടില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയതായും നിര്‍മാണം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
മണ്ണ് നീക്കം ചെയ്ത് പൂർവസ്ഥിതിയിലാക്കാനാവശ്യമായ നടപടികളുണ്ടാവുമെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് റവന്യു അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. വെള്ളമുണ്ട പഞ്ചായത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് പ്രവൃത്തികള്‍ നടക്കുന്നതെന്നും ഭരണസ്വാധീനമുപയോഗിച്ച് തുടര്‍നടപടികള്‍ മരവിപ്പിക്കുകയാണെന്നും ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലും ആളപയാവുമുള്പ്പെടെ സംഭവിച്ച പ്രദേശത്ത് വീണ്ടും കരിങ്കല്‍ക്വാറി തുടങ്ങാനുള്ള നീക്കം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
വെള്ളമുണ്ട: പെരുങ്കുളം ക്വാറി സംബന്ധിച്ച വിഷയത്തിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാടിനെതിരെ പ്രാദേശിക പ്രവർത്തകരിൽ ചിലർ രംഗത്ത്. ലീഗിന്റെ പഠനസംഘത്തെ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
പരിസ്ഥിതി ദുർബല പ്രദേശത്ത് നടക്കുന്ന അനധികൃത നിർമാണ പ്രവൃത്തിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നിലപാടിനെതിരെയാണ് പുളിഞ്ഞാൽ പ്രദേശത്തെ ലീഗ് പ്രവർത്തകരിൽ ചിലർ രംഗത്തിറങ്ങിയത്. ഞായറാഴ്ച രാവിലെ വിവാദ ക്വാറി പ്രദേശം സന്ദർശിക്കാനെത്തിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ പുളിഞ്ഞാലിൽ പ്രാദേശിക ലീഗ് പ്രവർത്തകരും ക്വാറി ഉടമയുടെ ഗുണ്ടകളും ചേർന്ന് തടഞ്ഞു.
ക്വാറിക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന പ്രാദേശിക പ്രവർത്തകരുടെ ആവശ്യം പഞ്ചായത്ത് ഭാരവാഹികൾ തള്ളിയതോടെ നേതാക്കളെ തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന്റെ ചില്ല് തകർക്കുകയും പരസ്യമായ വെല്ലുവിളികളുമായി ചിലർ രംഗത്തെത്തുകയും ചെയ്തു. ചില്ല് തകർക്കുന്നതിനിടയിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
സി.പി.എം നേതാക്കളുടെ അനധികൃത ക്വാറിക്കു വേണ്ടി ലീഗിന്റെ മുൻ ഭാരവാഹിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ രംഗത്തെത്തിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ക്വാറിക്കു വേണ്ടി പ്രദേശത്ത് വൻതോതിൽ പണമിടപാട് നടക്കുന്നതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.