മാനന്തവാടി: കരാർ എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങാത്തതിനാൽ യാത്രാദുരിതത്തിൽ പൊറുതിമുട്ടി തലപ്പുഴ മക്കിമല പ്രദേശവാസികൾ. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ നിലവിൽ സർവിസ് നടത്തിവരുന്ന ആകെയുള്ള സ്വകാര്യ ബസും ഓട്ടം നിർത്താൻ ഒരുങ്ങുകയാണ്.
തലപ്പുഴ പുതിയിടം വഴി മക്കിമലയിലേക്കും തവിഞ്ഞാൽ 44 കൈതക്കൊല്ലി വഴി മക്കിമലയിലേക്കും റോഡ് പണിക്കായി ഒ.ആർ. കേളു എം.എൽ.എ മുൻകൈ എടുത്ത് 10 കോടി രൂപയാണ് വകയിരുത്തിയത്. രണ്ട് റോഡിന്റെയും പ്രവൃത്തി ഏറ്റെടുത്തത് ഒരേ കരാറുകാരാണ്.
കൈതക്കൊല്ലി- മക്കിമല റോഡിലൂടെയാണ് സ്വകാര്യ ബസ് സർവിസ് നടത്തുന്നത്. ഈ റോഡ് പൊളിഞ്ഞ് കുഴിയായതിനാൽ ഗതാഗത യോഗ്യവുമല്ല. റോഡ് കുഴിയായതിനാൽ ബസ് സർവിസ് നിർത്തുന്ന നിലയിലാണ്. അങ്ങനെ വന്നാൽ വിദ്യാർഥികളും തോട്ടം തൊഴിലാളികളുമടക്കമുള്ള പ്രദേശത്തുകാരുടെ യാത്ര ഏറെ ദുരിതമാകും.
സങ്കേതിക പ്രശ്നങ്ങളാണ് റോഡ് പണി വൈകാൻ കാരണമെന്ന് കരാർ കമ്പനി അധികൃതർ പറയുന്നു. തലപ്പുഴ പുതിയിടം റോഡ് പണി ആരംഭിച്ചെങ്കിലും പ്രവൃത്തികൾ ഒച്ചിന്റെ വേഗത്തിലാണ്. ഫലത്തിൽ റോഡ് പണി നടക്കാത്തതിനാൽ മക്കിമല പ്രദേശവാസികളുടെ യാത്രാദുരിതം ഓരോ ദിവസവും വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.