മാനന്തവാടി: വേനൽ കടുക്കുകയും റോഡ് നിർമാണം പാതിവഴിയിൽ നിലക്കുകയും ചെയ്തതോടെ പൊടിയിൽ മുങ്ങി നഗരം. പൊടി മൂലം വ്യാപാരികളും കാൽനടക്കാരും പൊറുതിമുട്ടുകയാണ്. ഒരു വർഷം ആകാറായി എരുമത്തെരുവ് മുതൽ ഗാന്ധി പാർക്ക് വരെയുള്ള റോഡിന്റെ ഓവുചാൽ നിർമാണം ആരംഭിച്ചിട്ട്. വള്ളിയൂർക്കാവ് ഉത്സവത്തിന്റെ പേരിൽ രണ്ടു മാസത്തോളം പണി നിർത്തിവെച്ചു. പിന്നീട് മഴക്കാലത്താണ് പണി വീണ്ടും തുടങ്ങിയത്.
ഇതോടെ ഇവിടം ചളിക്കുളമായി. കെട്ടിടം പൊളിച്ചുനീക്കാതായതോടെ വീണ്ടും പണി നിർത്തിവെച്ചിരിക്കുകയാണ്. കടുത്ത വേനൽ കൂടി ആയതോടെ റോഡും പരിസരവും പൊടിയിൽ മുങ്ങിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് റോഡ് ജങ്ഷനിലാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത്.
മാസ്ക് ധരിച്ചിട്ടു പോലും കടകളിൽ ഇരിക്കാൻ കഴിയുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചെരിപ്പു നന്നാക്കുന്നവരുൾപ്പെടെ റോഡരികിലിരുന്ന ജോലിചെയ്യുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്.
വൈകുന്നേരമാകുമ്പോഴേക്കും ഇവരുടെ ദേഹം പൊടിയിൽ കുളിച്ച നിലയിലാണ്. കുറച്ച് ദിവസം വരെ ഇടക്കിടെ റോഡ് നനക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതുമില്ല. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോഴാണ് ഏറ്റവും അധികം പൊടി ഉയരുന്നത്. അധികൃതർ നടപടിയെടുക്കാതായതോടെ ഒരു കൂട്ടം വ്യാപാരികൾ ചേർന്ന് താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.