മാനന്തവാടി: വര്‍ഷങ്ങളായി സി.പി.എം ഭരണം നടത്തുന്ന തിരുനെല്ലി സര്‍വിസ് സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ തിരിമറി സി.പി.എം നേതൃത്വം ഒതുക്കിയതായി ആരോപണം. പാർട്ടി പ്രവർത്തകർ തന്നെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വ്യാജ സ്വര്‍ണം പണയം വെച്ചും ഇടപാടുകാര്‍ അറിയാതെ ചിട്ടി വിളിച്ചെടുത്തും അംഗങ്ങളറിയാതെ വായ്പാ തുക കൂട്ടി എടുത്തും
ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം. തട്ടിപ്പിന് ഇരയായ ബാങ്ക് അംഗങ്ങള്‍ കല്പറ്റ ജോയൻറ് രജിസ്ട്രാര്‍ക്കും സഹകരണ മന്ത്രിക്കും പരാതി നല്കി. ചിട്ടി ചേര്‍ന്നവര്‍ അറിയാതെ തുക വിളിച്ചെടുത്തു, വ്യാജ സ്വര്‍ണം പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ ബിനാമി വായ്പ എടുത്തു, പലരുടെയും വീടും സ്ഥലവും പണയപ്പെടുത്തി വായ്പ എടുത്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടി ജില്ല നേതൃത്വം നേരിട്ട് ഇടപെട്ട് പരസ്യ വിവാദം ഒഴിവാക്കാന്‍ നിർദേശിച്ചിട്ടുള്ളതായാണ് വിവരം. വായ്പ എടുത്ത് പണം നഷ്ടമായവര്‍ അടക്കം പരാതി ഉയര്‍ത്തിയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവ മൂടിവെക്കുകയായിരുന്നു.
ബാങ്കിലെ വന്‍ തട്ടിപ്പിനെതിരെ പാര്‍ട്ടിയിലെ മൂന്ന് ലോക്കല്‍ കമ്മിറ്റികളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഏരിയ സെക്രട്ടറി എം. റജീഷ ബാബു, ഷജില്‍കുമാര്‍, സണ്ണി ജോർജ് എന്നിവരടങ്ങിയ അന്വേഷണ കമീഷന് ക്രമക്കേടുകള്‍ സാധൂകരിച്ചിരുന്നു. ഭരണ സ്വാധീനത്തെ തുടര്‍ന്ന് സഹകരണ വകുപ്പിെൻറ പതിവ് അന്വേഷണവും ഇടപെടലുകളും തിരുനെല്ലി ബാങ്കില്‍ നടക്കാറില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതികള്‍ ഏറിയതോടെ സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ നടന്ന തട്ടിപ്പിനെതിരെ കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ സംഘടനകള്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തിരുനെല്ലി ബാങ്ക് അഴിമതി: കോൺഗ്രസ് ധർണ
മാനന്തവാടി: തിരുനെല്ലി സർവിസ് സഹകരണ ബാങ്കിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബാങ്കിന് മുന്നിൽ സമരം നടത്തി.ബിനാമി വായ്പകളും മുക്കുപണ്ട ഇടപാടുകളും നടത്തി വൻ ക്രമക്കേടിനാണ് ബാങ്ക് വേദിയായത്. ബാങ്കിെൻറ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണ്. സി.പി.എം നേതൃത്വവും ഭരണ സമതിയും നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. സതീഷ് പുളിമൂട് അധ്യക്ഷത വഹിച്ചു. കെ.വി. ഷിനോജ്, ശരത് രാജ്, കെ.ബി. വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.