മാനന്തവാടി: നഗരസഭ ബസ്സ്റ്റാൻഡിൽ കയറണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥ. കക്കൂസ് മാലിന്യം പരന്നൊഴുകി സ്റ്റാൻഡും പരിസരവും ദുർഗന്ധപൂരിതമായി. നഗരസഭ അധികൃതർ കുമ്മായം വിതറിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ യാത്രക്കാരും ബസ് ജീവനക്കാരും മൂക്കുപൊത്തി നടക്കുകതന്നെ വേണം.
ബസ്സ്റ്റാൻഡിലെ പുരുഷൻമാർ ഉപയോഗിക്കുന്ന ബാത്ത് റൂം മാലിന്യങ്ങളാണ് സ്റ്റാൻഡിലും പരിസരത്തും പരന്നൊഴുകുന്നത്. ബാത്ത് റൂമിനോട് ചേർന്നുള്ള കക്കൂസ് ടാങ്ക് നിറഞ്ഞ് കവിഞ്ഞതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
വിദ്യാർഥികളും കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരും ബസ് ജീവനക്കാരും കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഏറെ ദുരിതത്തിലാണ്.
സ്റ്റാൻഡിനുള്ളിലെത്തുന്ന പല യാത്രക്കാരും കക്കൂസ് മാലിന്യമാണെന്ന് അറിയാതെ ചവിട്ടിപ്പോവുകയും അവർ കയറുമ്പോൾ ബസുകളിലും മാലിന്യമാവുകയും ദുർഗന്ധം പരക്കുകയും ചെയ്യുന്നു. ബസുകൾ മാലിന്യത്തിന് മുകളിലൂടെ പോകുമ്പോൾ യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിക്കുന്നതും ദുരിതമാണ്. കക്കൂസ്മാലിന്യ ടാങ്കും പരന്നൊഴുകുന്ന മാലിന്യവും ശുചീകരിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.