മാനന്തവാടി: പുതുതായി അനുവദിച്ച വയനാട് മെഡിക്കൽ കോളജിൽ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തി പിൻവാതിൽ നിയമനത്തിനുള്ള അണിയറ നീക്കം സജീവമായതായി ആരോപണം.
വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ യുവജന വിഭാഗത്തിൽപെട്ട മൂന്നുപേർക്ക് ഇതിനോടകം നിയമനം നൽകിയതായാണ് സൂചന. കോവിഡ് ബ്രിഗേഡിൽപ്പെട്ടവരെ നിയമിക്കുന്നതിന്റെ മറവിലാണ് മറ്റ് നിയമനങ്ങളും നടത്തുന്നത്. നൂറോളം തസ്തികകളിലാണ് നിയമനം.
രഹസ്യമായി അപേക്ഷകൾ സ്വീകരിച്ച് ജനപ്രതിനിധിയുടെ ഓഫിസിൽനിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് സൂപ്രണ്ട് നിയമനം നടത്തുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സ്വീപ്പർ, അറ്റൻഡർ തുടങ്ങിയ തസ്തികകളിൽ കൂടിക്കാഴ്ചയോ അഭിമുഖമോ നടത്താതെയാണ് നിയമനം.
ജില്ല കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിയെപ്പോലും നോക്കുകുത്തിയാക്കിയാണ് തകൃതിയായ നിയമന നടപടി പുരോഗമിക്കുന്നത്. മുമ്പ് ആശുപത്രി മാനേജിങ് കമ്മിറ്റി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി ജോലിചെയ്ത് പ്രവർത്തന പരിചയമുള്ളവർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെടുക. നിയമവിരുദ്ധ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷവും യുവജന സംഘടനകളും മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.