കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽ നടന്ന കോടികളുടെ അനധികൃത മരംമുറിയിൽ അടിയന്തര റിപ്പോർട്ട് തേടി റവന്യൂ മന്ത്രി. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ. രാജൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. വനംവകുപ്പിനൊപ്പം കേസിൽ റവന്യൂ വകുപ്പും മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമായതോടെയാണ് മന്ത്രി റിപ്പോർട്ട് തേടിയത്.
വില്ലേജിലെ വിവിധയിടങ്ങളിലായി 15 കോടിയിലധികം വിലമതിക്കുന്ന 250ലധികം ക്യൂബിക് മീറ്റർ മരമാണ് മുറിച്ചത്. 2020 ഒക്ടോബർ 24ന് സർക്കാർ ഇറക്കിയ ഉത്തരവിെൻറ മറവിലായിരുന്നു മരംകൊള്ള.
മരംമുറിയുമായി ബന്ധപ്പെട്ട് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വ്യക്തമായ തെളിവുണ്ടായിട്ടും കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ എന്നിവരുടെ അറസ്റ്റോ, ഇവരെ സഹായിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടികളോ ഉണ്ടായിട്ടില്ല. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കടക്കം മരംമുറിയിൽ പങ്കുള്ളതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.
റിസർവ് ചെയ്ത ഈട്ടിമരങ്ങളുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിട്ടും പൊലീസിൽ പരാതി നൽകാനോ സ്വന്തം നിലയിൽ കേസെടുക്കാനോ റവന്യൂ ഉദ്യോഗസ്ഥരും ഇതുവരെ തയാറായിട്ടില്ല. സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയുള്ള ചീഫ് കൺസർവേറ്റർ മരംമാഫിയക്ക് അനുകൂലമായി ഇടപെട്ടുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരമേഖല ചീഫ് കൺസർവേറ്റർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. മരംകൊള്ള പിടികൂടിയ ഫോറസ്റ്റ് റേഞ്ചർ ഉൾപ്പെടെയുള്ള കള്ളക്കേസെടുക്കാൻ ഇദ്ദേഹം കൂട്ടുനിന്നതായും റിപ്പോർട്ടിലുണ്ട്.
പെരുമ്പാവൂരിലെ തടിമില്ലിലെത്തിച്ച രണ്ട് ലോഡ് ഈട്ടിത്തടികൾ വനംവകുപ്പ് പിടികൂടിയതോടെയാണ് മരംകൊള്ള പുറത്തുവരുന്നത്.
മരംമുറിയിൽ റിപ്പോർട്ട് നൽകാൻ വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയെ വനംമന്ത്രി എ.കെ. ശശീന്ദ്രനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂവുടമകളെ കബളിപ്പിച്ചാണ് കൈവശഭൂമിയിൽനിന്ന് മരംമുറിച്ചത്.
15 പട്ടികവർഗക്കാരുടെയും ഒരു പട്ടികജാതി വിഭാഗത്തിൽപെട്ട ഒരാളുടെയും ഭൂമിയിലെ ഈട്ടികൾ മുറിച്ചിട്ടുണ്ട്. ഇവർക്ക് നിസ്സാര തുക മാത്രമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.