മാനന്തവാടി: സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ ക്രമക്കേട് കണ്ടെത്തുന്നതിനായി ഓപറേഷന് വെറ്റ് സ്കാന്‍ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ മൂന്ന് ആശുപത്രികളില്‍ വിജിലന്‍സ് മിന്നൽ പരിശോധന നടത്തി. മീനങ്ങാടി, പുല്പള്ളി, കേണിച്ചിറ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിശോധന നടത്തിയത്. ചില മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് തുച്ഛമായ തുകക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടുതല്‍ തുകക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കൂടാതെ സ്റ്റോക്കില്‍ രേഖപ്പെടുത്താതെ മരുന്ന് ശേഖരിച്ച് വെക്കുന്നതായും ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കൈക്കൂലി വാങ്ങിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ജില്ലയിലെ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സ്റ്റോക്കില്‍ രേഖപ്പെടുത്താതെ അളവില്‍ കൂടുതല്‍ മരുന്ന് മീനങ്ങാടി മൃഗാശുപത്രിയില്‍നിന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും. ബുധനാഴ്ച രാവിലെ 11 മുതല്‍ സംസ്ഥാനത്തെ 56 മൃഗാശുപത്രികളാണ് പരിശോധന നടത്തിയത്. ജില്ലയിലെ പരിശോധനകള്‍ക്ക് വിജിലന്‍സ് ഡിവൈ.എസ്.പി ഷാജി വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ എ.യു. ജയപ്രകാശ്, ടി. മനോഹരന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.