പനമരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ അഴിയാക്കുരിക്കിലമർന്ന പനമരം ടൗണിൽ ഗതാഗത പരിഷ്കരണം യാഥാർഥ്യമാകുന്നു. ഫെബ്രുവരി ഒന്ന് മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആസ്യയും വൈസ് പ്രസിഡന്‍റ് തോമസ് പാറക്കാലായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുവർഷത്തിലധികമായി ഗതാഗത പരിഷ്കരണത്തിനുള്ള മുറവിളി ഉയർന്നിട്ട്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.
അന്ന് തീരുമാനിച്ച കാര്യങ്ങളിൽ വ്യാപാരികൾ ഉൾപ്പെടെ എതിർപ്പുന്നയിച്ചിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുക്കാതെയാണ് ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചതെന്നായിരുന്നു ആരോപണം. പരിഷ്കരണം നടപ്പാക്കാൻ വൈകുന്നത് സംബന്ധിച്ച് ജൂലൈയിൽ ‘മാധ്യമം’ നൽകിയ വാർത്തയെതുടർന്ന് ഓണക്കാലത്ത് ഗതാഗത പരിഷ്‍കരണം നടപ്പാക്കുമെന്നു പഞ്ചായത്ത് അറിയിച്ചിരുന്നു.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണിൽ വാഹന പാർക്കിങ് തോന്നിയപോലെയാണ്. ഗതാഗത നിർദേശങ്ങൾ അറിയിക്കുന്ന ബോർഡുകളുമില്ല. വാഹനങ്ങളുടെ തിരക്കുകാരണം ടൗൺ വീർപ്പുമുട്ടുകയാണ്. പുതിയ ഗതാഗാത പരിഷ്കരണത്തിൽ പുതുതായി ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെ അനുവദിച്ചതും പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ നടപ്പാലാക്കാനുദ്ദേശിച്ച ഗതാഗത നിർദേശങ്ങളേക്കാൾ വ്യക്തതയുള്ളതാണ് പുതിയ ഗതാഗത പരിഷ്കരണമെന്നും പരിമിതികൾ ഉണ്ടെങ്കിൽകൂടി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി കെ.ടി. ഇസ്മായിൽ പറഞ്ഞു. പുതിയ പരിഷ്കരണം നടപ്പാക്കിയശേഷം പ്രശ്നങ്ങളുണ്ടെങ്കിൽ പഞ്ചായത്തിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ടി.ഒയുടെയും പൊലീസിന്‍റെയും അഭിപ്രായങ്ങൾ ഉൾപ്പെടെ സ്വീകരിച്ചുകൊണ്ടാണ് പുതിയ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആസ്യ പറഞ്ഞു. ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുഴുവനാളുകളുടെയും സഹകരണമുണ്ടാകണം. ചില കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ടൗണിൽ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും ഹരിതകേരള മാലിന്യ നിർമാജന പദ്ധതിയുടെ ഭാഗമായുള്ള മാസാന്ത ഫീസ് ലൈസൻസ് പുതുക്കുന്നതിനു നിർബന്ധമാക്കുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈറും പങ്കെടുത്തു.
• നടവയൽ റോഡിൽ ഇടതുവശം സ്വകാര്യ കാർ പാർക്കിങ്
• ബ്ലോക്ക് ഓഫിസ് റോഡ് മുതൽ ന്യൂ സ്റ്റോർ വരെ ഓട്ടോ സ്റ്റാൻഡ് (നിലവിലുള്ളത്)
• സഫ ബേക്കറി മുതൽ ദീപ്തി മെഡിക്കൽ ഷോപ്പ് വരെ ഓട്ടോ സ്റ്റാൻഡ്
• ലാബസാർ മുതൽ പള്ളിക്കണ്ടി ബിൽഡിങ് വരെയും വെറ്റില കട മുതൽ പഞ്ചായത്ത് ഓഫിസ് വരെയും ഓട്ടോ സ്റ്റാൻഡ് (ഇതിനിടയിൽ കെ.ടി.സി ട്രേഡിങ് കമ്പനി മുൻവശം ഒഴിവാക്കി)
• കീഴട്ട നാസർ ബിൽഡിങ് മുൻവശം മുതൽ സലാല ഷോപ്പ് വരെ ഇരുചക്രവാഹന പാർക്കിങ്
• രാധേഷ് തിയറ്റർ എൻട്രൻസ് മുതൽ ട്രാൻസ്ഫോർമർ വരെ ടാക്സി ജീപ്പ് പാർക്കിങ്
• അത്താണി സ്റ്റോർ മുതൽ രാധേഷ് തിയറ്ററിനു മുൻവശം നാലു ചക്ര ഓട്ടോ സ്റ്റാൻഡ് ('വെള്ളിമൂങ്ങ')
• അശ്കർ തട്ടുകട മുതൽ മേച്ചേരി റോഡ് ജങ്ഷൻ വരെ ആപ്പെ മിനി പിക്കപ്പ് പാർക്കിങ്
• വറുത്തകായ സ്റ്റോർ മുതൽ ഇസാഫ് ബാങ്കുവരെ പിക്കപ്പ്, ട്രാക്ടർ അടക്കമുള്ള വലിയ വാഹനങ്ങളുടെ പാർക്കിങ്
• എം.എ ഫൂട് വെയർ മുതൽ എം.എ ഹോട്ടൽ വരെ ഇരുചക്രവാഹന പാർക്കിങ്
• ചന്തുവേട്ടൻ വർക്ക് ഷോപ്പ് മുതൽ റോഡിന്റെ വലതുവശം കാൾ ടാക്സി പാർക്കിങ്
• കാർഷിക വികസന ബാങ്ക് റോഡിന്റെ ഇടത് വശം ടൂറിസ്റ്റ് ടാക്സി പാർക്കിങ്
• നീരട്ടാടി റോഡിന്റെ വലതുവശം സ്വകാര്യ വാഹന പാർക്കിങ്ങും ആംബുലൻസ് പാർക്കിങ്ങും
• ടൗൺ പള്ളിയുടെ മുൻവശം
• ഗോപിക ടെക്സ്റ്റയിൽസ് മുതൽ ഇ. എം. സ്റ്റേഷനറി വരെ
• ഹൈസ്കൂൾ റോഡ്
• പഞ്ചായത്ത് ഓഫിസ് മുൻവശം മുതൽ സാലിം കട്ട് കട ആപ്പെ സ്റ്റാൻഡ് വരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.