സുൽത്താൻ ബത്തേരി: മൈലമ്പാടി മണ്ഡകവയലിൽ കൂട്ടിലകപ്പെട്ട കടുവക്കുഞ്ഞിനെ തുറന്നുവിടേണ്ടി വന്നതോടെ പ്രദേശം ഭീതിയുടെ മുൾമുനയിലായി. കടുവകൾ ഏതു നിമിഷവും പ്രദേശത്ത് എത്താമെന്നാണ് നാട്ടുകാർ ഭയക്കുന്നത്. ബുധനാഴ്ച പുലർച്ചയാണ് അഞ്ച് മാസം പ്രായമുള്ള കടുവക്കുഞ്ഞ് കൂട്ടിൽ അകപ്പെട്ടത്.
വനംവകുപ്പ് സംഘം ഏഴോടെ കൂട്ടിനടുത്തെത്തി കടുവയെ കൊണ്ടുപോകാനുള്ള ഒരുക്കം നടത്തുമ്പോഴാണ് തള്ളക്കടുവയും മറ്റൊരു കുഞ്ഞും കൂടിനടുത്ത് നിലയുറപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നിവൃത്തിയില്ലാതെ കൂട്ടിൽ കുടുങ്ങിയ കടുവയെ കുങ്കിയാനകളുടെയും ജെ.സി.ബിയുടെയും സഹായത്തോടെ അധികൃതർ തുറന്നുവിടുകയായിരുന്നു.
കഴിഞ്ഞ രണ്ടുമാസത്തോളമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കർഷകനായ മണ്ഡകവയലിലെ നിരവത്ത് ബെന്നിയുടെ തോട്ടത്തിൽ ദിവസവും പത്തോളം ആദിവാസി തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നു. രണ്ടുമാസത്തോളമായി അവർ ജോലിക്ക് വരുന്നില്ല. അതിനാൽ ആദിവാസികൾക്കും വരുമാനം ഇല്ലാതായി.
പുല്ലുചെത്തൽ, പാലളവ്, കൃഷിപ്പണി എന്നിങ്ങനെ എല്ലാം ഇവിടെ നിശ്ചലമാണ്. ക്ഷീരമേഖലയിൽ വരുമാനം കണ്ടെത്തിയവർ ഇപ്പോൾ പുല്ല് വിലക്ക് വാങ്ങുകയാണ്. പുല്ലരിയാൻ തോട്ടത്തിലേക്ക് പോകാനുള്ള പേടി കാരണം മറ്റിടങ്ങളിൽ നിന്ന് പുല്ല് വിലയ്ക്ക് വാങ്ങി വാഹനത്തിൽ എത്തിക്കുകയാണ്. നാട്ടുകാർ നിസ്സഹായതയുടെ പരകോടിയിൽ എത്തിയിരിക്കുന്നുവെന്ന് പറയാം.
കാട്ടിലേക്ക് തുരത്തിയ കടുവകൾ വരുംദിവസങ്ങളിൽ പ്രദേശത്തേക്ക് തിരിച്ചുവരുമെന്ന കാര്യത്തിൽ നാട്ടുകാർക്ക് വ്യത്യസ്ത അഭിപ്രായമില്ല. അതേസമയം, നാലാമത് ഒരു കടുവ കൂടി പ്രദേശത്ത് എത്തിയിരുന്നതായാണ് പലരും പറയുന്നത്. വനം വകുപ്പിന്റെ കാമറയിൽ ഈ കടുവയുടെ ചിത്രം പതിഞ്ഞിട്ടുമുണ്ട്.
മണ്ഡകവയലിൽ നിന്ന് തുറന്നുവിട്ട കടുവക്കുഞ്ഞ് അമ്മയോടൊപ്പം പുല്ലുമല വഴി ബീനാച്ചി-പനമരം റോഡ് മുറിച്ചു കടന്ന് ബുധനാഴ്ച അഞ്ചു മണിയോടെ കൽപന എസ്റ്റേറ്റിലേക്ക് കയറി.
അവിടെ നിന്ന് സീസി വഴി ബീനാച്ചി എസ്റ്റേറ്റിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ബീനാച്ചി എസ്റ്റേറ്റിലാണ് ഈ കടുവകൾ തങ്ങുന്നതെന്നാണ് വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.