പന്തലൂർ: താലൂക്ക് ഉൾപ്പെടെ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. എരുമാട്, അയ്യങ്കൊല്ലി, അമ്പലമൂല, കൊളപ്പള്ളി, ചേരമ്പാടി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. സ്ത്രീകളും, കുട്ടികളും, പ്രായമായവരും രോഗികളായി എത്തുമ്പോൾ ഡോക്ടർമാർ ഇല്ലാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദാരുണ സ്ഥിതിയാണ് നിലനിൽക്കുന്നത്.
പന്തല്ലൂർ താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് വലിയ പ്രയാസമാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്. ആക്സിഡന്റ് ഉൾപ്പെടെ സംഭവിച്ചാൽ ഡോക്ടർമാർ ഇല്ലാത്ത കാരണത്താൽ പ്രാരംഭ ചികിത്സ ലഭിക്കാത്ത കാരണത്താൽ അനേകം മരണങ്ങളാണ് സംഭവിക്കുന്നത്. ഒരു ഡോക്ടറാണ് മൂന്നും, നാലും ആശുപത്രികളുടെ ചുമതല വഹിക്കുന്നത്.
സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളും മറ്റു സാധാരണക്കാരുമാണെന്നിരിക്കേ പ്രസവമുൾപ്പെടെയുള്ളവക്കുവേണ്ട ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പന്തല്ലൂർ താലൂക്കിലുള്ള സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ഡോക്ടർമാരേയും ആവശ്യത്തിനുള്ള ജീവനക്കാരേയും നിയമിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.എം എരുമാട് ഏരിയ കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു.
സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾക്ക് രൂപം നൽകാൻ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ, ഏരിയ സെക്രട്ടറി കെ. രാജൻ, ജില്ല പഞ്ചായത്തംഗം ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.