സി.കെ. ചന്ദ്രൻ
മേപ്പാടി: കോവിഡ് ഭീഷണി, ലോക്ഡൗൺ എന്നിവ കരിനിഴൽ വീഴ്ത്തിയ തേയിലത്തോട്ടങ്ങൾക്ക് ആശ്വാസകരമായ വാർത്തകളാണ് വിപണിയിൽനിന്ന് വരുന്നത്. പച്ചത്തേയിലക്കും ചായപ്പൊടിക്കും വിപണിയിൽ കൂടുതൽ വില ലഭിക്കുന്നു എന്നതാണ് ശുഭ സൂചന നൽകുന്നത്. തേയില ലേലത്തിലും വില വർധന പ്രതിഫലിച്ചു തുടങ്ങി. 12 -14 രൂപ മാത്രം വില കിട്ടിയിരുന്ന ഒരു കിലോ പച്ചത്തേയിലക്ക് ശരാശരി 25 രൂപ ലഭിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഫാക്ടറികളിലേക്ക് പച്ചത്തേയില വിൽക്കുന്ന ചെറുകിട തോട്ടങ്ങൾക്കും ഇതിെൻറ പ്രയോജനം ലഭിക്കുന്നുണ്ട്.
കോവിഡ് ഭീഷണി പ്രകടമായിത്തുടങ്ങിയ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് മുമ്പുതന്നെ തേയില വ്യവസായം പ്രതിസന്ധിയിൽ ഉഴലുകയായിരുന്നു. ഉൽപാദനെച്ചലവും ലഭിക്കുന്ന വിലയും തമ്മിൽ വലിയ അന്തരമാണെന്നും നഷ്ടം സഹിച്ചാണ് തോട്ടങ്ങൾ നടത്തുന്നതെന്നും മാനേജ്മെൻറുകൾ പരാതിപ്പെടുന്നത് പതിവായിരുന്നു.
ലോക്ഡൗൺ കൂടി നിലവിൽവന്നതോടെ തോട്ടങ്ങളിൽ ഏതാനും ദിവസങ്ങൾ ജോലി മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. ഇത് തൊഴിലാളി കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. പിന്നീട് നിബന്ധനകളോടെ തോട്ടം തുറക്കാൻ അനുമതി നൽകിയതോടെയാണ് പ്രവർത്തനം ആരംഭിച്ചത്. വീണ്ടും കോവിഡ് സമ്പർക്ക വ്യാപന ഭീഷണി ഉടലെടുത്തതോടെ ആഗസ്റ്റ് പകുതിക്ക് ശേഷം ഏതാനും ദിവസങ്ങൾ കൂടി തോട്ടങ്ങളിൽ ജോലി നിർത്തിവെക്കേണ്ടി വന്നു.
മേഖലയിലെ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് തോട്ടങ്ങൾ വീണ്ടും പ്രവർത്തിക്കാനാരംഭിച്ചത്.
ഹാരിസൺ മലയാളം ലിമിറ്റഡ്, പോഡാർ പ്ലാേൻറഷൻസ്, എ.വി.ടി, എൽസ്റ്റൻ, കോട്ടനാട് പ്ലാേൻറഷൻസ് തുടങ്ങിയവയാണ് മേഖലയിലെ പ്രമുഖ തേയിലത്തോട്ടങ്ങൾ. വനറാണി, റാണിമല, മീനാക്ഷി, എ.വി.ടി എന്നിവർക്ക് ഏലം കൃഷിയുമുണ്ട്. ഏതാനും ചെറുകിട കാപ്പിത്തോട്ടങ്ങളും മേഖലയിലുണ്ട്. ഉൽപന്നങ്ങളുടെ വിലയിടിവ് മാത്രമല്ല, ഭാരിച്ച നികുതികൾ, വൈദ്യുതി ചാർജ്, സീനിയറേജ്, ഉയർന്ന കൂലിനിരക്ക് തുടങ്ങിയവയും പ്രതിസന്ധിയുടെ കാരണങ്ങളായി തോട്ടമുടമകൾ ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യത്തെ നാളുകളായി മാനേജ്മെൻറുകൾ പ്രതിരോധിച്ചു വരുന്നത്. മേൽപറഞ്ഞ കാരണങ്ങൾ മിക്കതും ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഉൽപന്ന വിലയിലെ വർധനയുടെ ഗുണം തൊഴിലാളികളിലേക്കെത്തുമോ എന്നതിൽ സംശയമുണ്ട്. എല്ലാ ആനുകൂല്യവും ഉൾപ്പടെ 400 രൂപയിൽ താഴെയാണ് ഇപ്പോഴും തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി കൂലി. 16 ശതമാനം, 18 ശതമാനം, 20 ശതമാനം വരെ ബോണസ് നൽകി വന്നിരുന്ന കമ്പനികൾ ഇപ്പോൾ 8.33 ശതമാനം മിനിമം ബോണസ് മാത്രമാണ് നൽകുന്നത്. അതു കൊണ്ട് 3500 രൂപയായിരുന്ന ബോണസ് പരിധി 7000 രൂപയായി വർധിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് സാമ്പത്തിക നേട്ടമില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -21 വർഷത്തെ ബോണസ് നവംബറിനുള്ളിൽ നൽകേണ്ടതാണെന്ന് പറയുമ്പോൾതന്നെ മുൻ വർഷത്തെ ബോണസും ശമ്പളവും മറ്റാനുകൂല്യങ്ങളും കുടിശ്ശികയായ തോട്ടങ്ങളും മേഖലയിലുണ്ട്. ചെമ്പ്ര, എൽസ്റ്റൺ എന്നിവ ഉദാഹരണം.
ചികിത്സ, കുടിവെള്ളം, പാടികളുടെ അറ്റകുറ്റപ്പണി എന്നിവയിലൊക്കെ മാനേജ്മെൻറുകൾ വലിയ വീഴ്ച വരുത്തുന്നു എന്ന ആക്ഷേപവുമുണ്ട്. വ്യവസായം ലാഭത്തിലാണെങ്കിൽ പോലും അതിെൻറ ഗുണം തൊഴിലാളികൾക്ക് ലഭിക്കാറില്ല എന്നു ചുരുക്കം.
ഓണത്തിനു മുമ്പ് ശമ്പള കുടിശ്ശികയും ബോണസും എന്ന ആഗ്രഹമാണ് തൊഴിലാളികൾ പ്രകടിപ്പിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മറ്റു മേഖലകളെ അപേക്ഷിച്ച് ഇപ്പോഴും ഉയർന്നിട്ടില്ല. ദുരിതങ്ങളുടെ നടുവിൽതന്നെയാണ് അവർ ഇപ്പോഴും. പ്ലാേൻറഷൻ തൊഴിലാളി നിയമത്തിൽ പറയുന്ന ആനുകൂല്യങ്ങൾ പലപ്പോഴും ലഭിക്കുന്നില്ല. മേഖലയിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ കെടുതികളും ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരും മേഖലയിലെ തോട്ടം തൊഴിലാളികളാണ്.
തോട്ടം മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി എന്നു പറഞ്ഞ് നിയമിച്ച പല കമീഷനുകളും സമർപ്പിച്ച റിപ്പോർട്ടുകൾ പൊടിപിടിച്ച നിലയിൽ സർക്കാറിെൻറ ഫയലുകളിലുണ്ട്. ഒന്നിലും പ്രായോഗിക നടപടികളുണ്ടായിട്ടില്ലെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.