തരുവണ (വയനാട്): വെള്ളമുണ്ട പഞ്ചായത്തിലെ ആറുവാളിൽ 90 പിന്നിടുന്ന പെരുവടി രാമൻ ജീവിതത്തിൽ ഇതുവരെ ഷർട്ട് അണിഞ്ഞിട്ടില്ല. ഈ ശീലത്തിന് കാരണം എന്തെന്നു ചോദിച്ചാൽ ഇല്ലായ്മയിൽനിന്ന് തുടങ്ങിയത് എന്നാണ് രാമെൻറ മറുപടി. ഇതിനുപുറമെ കുപ്പായം അണിഞ്ഞാൽ 'അലർജി' അലട്ടും. വല്ലാത്ത പൊറുതികേട്. പഴയ പഞ്ചായത്ത് അംഗമാണ് ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തിലെ ഈ കാരണവർ.
ഇനി കുപ്പായമിടാൻ ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചാൽ അടുത്ത ജന്മം നോക്കാമെന്ന് രാമൻ പറയുന്നു. ഒരു നല്ല ഷർട്ടിടാൻ ഏറെ ആഗ്രഹിച്ചത് പണ്ട് കല്യാണദിവസമായിരുന്നു. അന്നു പക്ഷേ കല്യാണച്ചടങ്ങിനുപോയി വീട്ടിൽ മടങ്ങിയെത്തും മുമ്പേ അലർജി മൂലം ഷർട്ട് അഴിച്ചുകളഞ്ഞു.
ചെറുകരയിൽ മുമ്പ് പഞ്ചായത്തിൽ കോൺഗ്രസിെൻറ വാർഡ് അംഗമായിരുന്നു രാമൻ. ആ കാലത്ത് തിരുവനന്തപുരത്തും ഡൽഹിയിലും പോയിട്ടുണ്ട്. എന്നാൽ, ഷർട്ടുമായി പിറകെ നടന്നവർ തോറ്റു. മുമ്പ് പൊരുന്നന്നൂർ വില്ലേജ് ഓഫിസിൽ തൂപ്പുകാരനായി ജോലി ചെയ്തിരുന്നു.
ഷർട്ടിൽ മാത്രമല്ല അലർജി കാരണം ഹോട്ടൽ ഭക്ഷണവും കഴിക്കില്ല. യാത്രയിൽ മറ്റുള്ളവർ ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ രാമൻ വീട്ടിൽനിന്ന് കരുതിയ അവിലും പഴവും വെള്ളവും കഴിക്കും. ഡൽഹിയിൽ പോയപ്പോഴും അവിൽ കൊണ്ടുപോയിരുന്നു. അവിലും വെള്ളവും കഴിച്ചാൽ വിശപ്പ് മാറും. പഴം ഉണ്ടെങ്കിൽ ഉഷാറായി. എണ്ണ തേച്ചാണ് നടപ്പ്. കൃഷയിടത്തിൽ ഇപ്പോഴും പോയിവരും. പുഴയിൽ മുങ്ങിക്കുളി മുടങ്ങിയിട്ടില്ല.
ഗോത്ര പ്രതിനിധിയായി ഇന്ദിര ഗാന്ധിയെ കാണാൻ പോയിട്ടുണ്ട് . ചെറിയ പേന സമ്മാനമായി കിട്ടിയതും രാമൻ ഓർക്കുന്നു. വീട്ടിൽ ആ പേന ഇപ്പോൾ കുറെ നോക്കി. കണ്ടുകിട്ടിയില്ല. വയലും പുരയിടവുമായി എട്ട് ഏക്കർ ഭൂമിയുണ്ട്. ഭാര്യ തേയി ഒപ്പമുണ്ട്. ആറു മക്കൾ. ബാലൻ, കേട്ടു, അമ്മു, രാധ, പുഷ്പ, സുമ. ആറു മക്കളും അവരുടെ കുടുംബവും ഒന്നിച്ചു കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.