ഗൂഡല്ലൂർ: നീലഗിരിയിൽനിന്ന് കേരളത്തിൽ പോയി മടങ്ങുന്ന തദ്ദേശീയരായവർക്കും വെള്ളിയാഴ്ച മുതൽ ആർ.ടി.പി.സി.ആർ നിർബന്ധമാണെന്ന് ജില്ല ഭരണകൂടം. കേരളത്തിൽ കോവിഡ് വ്യാപനത്തോതും നിപ വൈറസ് ബാധ റിപ്പോർട്ടിനെ തുടർന്നാണ് ഈ നിബന്ധനയെന്ന് ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു. കേരളത്തിൽ പോയിവരുന്ന നീലഗിരിക്കാർക്ക് ആധാറും പ്രതിരോധ കുത്തിവെപ്പ് എടുത്ത സർട്ടിഫിക്കറ്റും കാണിച്ചാൽ മതിയായിരുന്നു.
നിപ വൈറസ് ബാധയും ഉണ്ടായതോടെയാണ് അതിർത്തികളിൽ പരിശോധന കർശനമാക്കാനും തദ്ദേശീയർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും വേണമെന്ന് നിർബന്ധമാക്കിയത്. സർട്ടിഫിക്കറ്റില്ലാതെ വരുന്നവരുടെ സ്രവപരിശോധന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധന ചെലവേറിയതാണെന്ന് ജനങ്ങൾ പരാതി പറയുന്നു. ഒരംഗത്തിന് പരിശോധന ഫീസായി 1000 രൂപയോളം ചെലവിടണം. ഇത് വളരെയേറെ സാമ്പത്തികപ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും പറയുന്നു. കൂലിപ്പണി തേടി ധാരാളം പേരാണ് ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകാണി, ചോലാടി, പാട്ടവയൽ ചെക്ക്പോസ്റ്റുകൾ വഴി മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗത്തേക്ക് പോകുന്നത്. ദിവസവും മടങ്ങുന്ന ഇവർ മൂന്നു ദിവസത്തിൽ ഒരിക്കൽ 1000 രൂപവീതം ചെലവാക്കി പരിശോധന നടത്തണമെന്നത് ഏറെ ദുരിതമാണെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.