കൽപറ്റ: തെരുവുനായ് ശല്യം ദിനേനെ വർധിക്കുമ്പോഴും സംസ്ഥാന സർക്കാർ നയം കാരണം പ്രതിരോധ പദ്ധതികൾ ഇനിയും വൈകാൻ സാധ്യത. ജില്ലയിൽ ഏക തെരുവുനായ് പ്രജനന നിയന്ത്രണ (എ.ബി.സി) കേന്ദ്രം സുൽത്താൻ ബത്തേരിയിൽ മാസങ്ങളായി അടങ്ങുകിടക്കുകയാണ്. ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതാണ് കാരണം. 14ാം പഞ്ചവത്സര പദ്ധതി മാർഗരേഖ പ്രകാരമാണ് ഈ വർഷത്തെ പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ രൂപം നൽകിയത്.
മാർഗരേഖയിൽ തെരുവുനായ് ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഉൾപെടുത്തിയിരുന്നില്ല. അതിനാൽ, തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവുനായ് ശല്യം പ്രതിരോധിക്കാനുള്ള പദ്ധതികൾ ഉൾപെടുത്താൻ കഴിഞ്ഞില്ല. ജില്ല പഞ്ചായത്തിന്റെത് അടക്കമുള്ള ആവശ്യപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തദ്ദേശ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുകയും ആഗസ്റ്റ് 23ന് എ.ബി.സി പദ്ധതി മാർഗരേഖ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
മാർഗരേഖയനുസരിച്ച് ജില്ല പഞ്ചായത്താണ് പദ്ധതി നടപ്പാക്കേണ്ടത്. പഞ്ചായത്തുകൾ നിശ്ചിത തുക ഇതിനായുള്ള ഫണ്ടിലേക്ക് നൽകണം. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എ.ബി.സി പദ്ധതി നടപ്പാക്കാനാണ് നിർദേശം. ഓരോ ബ്ലോക്കിലും തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഓപറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങൾ തുക വകയിരുത്തണമെങ്കിൽ പദ്ധതി പുതുക്കാൻ സർക്കാർ അനുമതി നൽകണം. ഈ അനുമതി ലഭിച്ച് ജില്ല ആസൂത്രണ സമിതിയിൽ (ഡി.പി.സി) ചർച്ചചെയ്ത് പുതുതായി പദ്ധതി ഉൾപെടുത്തി, അതിന് അംഗീകാരം ലഭിച്ചാൽ മാത്രമേ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുകയുള്ളൂ. ഇങ്ങനെ പദ്ധതി നടപ്പാക്കുന്നതുവരെയുള്ള കാലയളവിൽ ജനങ്ങൾ തെരുവ്നായ് ശല്യം കാരണമുള്ള ദുരിതമനുഭവിക്കേണ്ടി വരും.
ജില്ലയിൽ സൗകര്യമുള്ളത് സുൽത്താൻ ബത്തേരിയിൽ മാത്രം
ജില്ലയിലെ നാല് േബ്ലാക് പഞ്ചായത്തുകളിൽ സുൽത്താൻ ബത്തേരിയിൽ മാത്രമാണ് നിലവിൽ ഉപയോഗയോഗ്യമായ എ.ബി.സി കേന്ദ്രമുള്ളൂ. അവിടെയാണ് കഴിഞ്ഞ വർഷം ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ 150 നായ്ക്കളെ വന്ധ്യംകരിച്ചത്. കൽപറ്റ േബ്ലാകിന് പടിഞ്ഞാറത്തറയിൽ ഓപറേഷൻ തിയറ്റർ നിർമിച്ചിട്ടുണ്ട്. വൈദ്യുതീകരണം, കൂടുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. എന്നാൽ, പനമരം, മാനന്തവാടി ബ്ലോക്കുകളിൽ നിലവിൽ ഒരു സൗകര്യവുമില്ല. കേന്ദ്രം തുടങ്ങാൻ സ്ഥലം, കെട്ടിടം അടക്കമുള്ള പ്രാഥമിക സൗകര്യങ്ങളെല്ലാം ഒരുക്കണം. പനമരത്തും മാനന്തവാടിയിലും ഭരണസമിതികൾ സജീവമായി ശ്രമിച്ചാൽപോലും കേന്ദ്രം ഒരുക്കാൻ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.