ബീ​നാ​ച്ചി എ​സ്റ്റേ​റ്റ്

കടുവ'സങ്കേതമായി' ബീനാച്ചി എസ്റ്റേറ്റ്; കാഴ്ചക്കാരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് 'കടുവസങ്കേതമായി'. എസ്റ്റേറ്റിനുള്ളിൽ കാര്യമായ പരിശോധന നടത്താൻ പോലും കഴിയാതെ നിസ്സഹായാവസ്ഥയിലാണ് വനംവകുപ്പ്. മീനങ്ങാടി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കടുവയെത്തുന്നത് സഞ്ചാരപാത വിലയിരുത്തുമ്പോൾ ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സുൽത്താൻ ബത്തേരി- മീനങ്ങാടി, ബീനാച്ചി- പനമരം റോഡുകൾക്കിടയിലാണ് ബീനാച്ചി എസ്റ്റേറ്റ്. ബീനാച്ചി മുതൽ കൊളഗപ്പാറ വരെയും പനമരം റോഡിൽ ബീനാച്ചി മുതൽ സീസിക്കടുത്ത് വരെയുമാണ് എസ്റ്റേറ്റ് കിടക്കുന്നത്. ഈ എസ്റ്റേറ്റിന്റെ അടുത്ത പ്രദേശങ്ങളിലൊക്കെ കടുവശല്യം അതിരൂക്ഷമാണ്.

കടുവയെ വനംവകുപ്പ് തുരത്തുമ്പോഴൊക്കെ എസ്റ്റേറ്റിന്റെ ഭാഗത്തേക്കാണ് കടുവകൾ നീങ്ങുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ പഴയ സ്ഥലത്ത് വീണ്ടുമെത്തും. പൂതാടി പഞ്ചായത്തിലെ വാകേരി, മൂടക്കൊല്ലി, മീനങ്ങാടി പഞ്ചായത്തിലെ സിസി, മൈലമ്പാടി, മണ്ഡകവയൽ, കൊളഗപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബീനാച്ചി എസ്റ്റേറ്റിൽ നിന്ന് കടുവകൾക്ക് എത്താൻ എളുപ്പമുണ്ട്. 400 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന ഈ എസ്റ്റേറ്റിന്‍റെ വിവിധ ഇടങ്ങളിലായി നിരവധി കടുവകൾ ഉണ്ടെന്ന് ഉറപ്പാണ്. കാട്ടാന മാത്രം ഇല്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. ഒരു പതിറ്റാണ്ടിലേറെയായി വനത്തിന് സമാനമായ അവസ്ഥയിലാണ് എസ്‌റ്റേറ്റ് കിടക്കുന്നത്.

രണ്ട് വർഷം മുമ്പ് ബത്തേരിയിലെ മണിച്ചിറ, പൂതിക്കാട് ഭാഗത്തേക്ക് കടുവയും രണ്ട് കുഞ്ഞുങ്ങളും എത്തിയിരുന്നു. ഒരു പകൽ മുഴുവൻ പ്രദേശങ്ങളെ വിറപ്പിച്ച ഇവയെ രാത്രി വനംവകുപ്പ് തുരത്തിയപ്പോൾ ബീനാച്ചി എസ്‌റ്റേറ്റിലേക്കാണ് കയറിയത്.ഏതാനും ദിവസം മുമ്പ് മണ്ഡകവയലിലും വാകേരിയിലും എത്തിയ കടുവയും കുഞ്ഞുങ്ങളും രണ്ട് വർഷം മുമ്പ് പൂതിക്കാട് എത്തിയവ അല്ലെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ ദിവസം എത്തിയ കടുവക്കുഞ്ഞുങ്ങൾക്ക് 4-5 മാസം പ്രായമാണ് വനം വകുപ്പ് കണക്കാക്കിയത്. ഈ കടുവകൾ ബീനാച്ചി എസ്റ്റേറ്റിലുണ്ടെന്നാണ് സൂചന.

കടുവകൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന പുൽമേടുകൾ, ഗുഹകൾ പോലുള്ളവ എസ്റ്റേറ്റിൽ ഏറെ ഉണ്ടെന്നാണ് അനുമാനം. എസ്റ്റേറ്റ് അരിച്ചുപെറുക്കി പരിശോധന നടത്തിയാലേ ചിത്രം തെളിയൂ. അതിന് ആദ്യം എസ്റ്റേറ്റ് കേരള സർക്കാറിന്‍റെ ഉടമസ്ഥതയിൽ വരണം. അതിനുള്ള ചില നീക്കങ്ങൾ കഴിഞ്ഞ വർഷം സർക്കാർ തലങ്ങളിൽ നടന്നിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

കടുവ കൊളഗപ്പാറയിൽ; മൂരിക്കിടാവിനെ ആക്രമിച്ചു

സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി മണ്ഡകവയലിൽ തമ്പടിച്ചിരുന്ന കടുവ കൊളഗപ്പാറയിലുണ്ട്. കൊളഗപ്പാറ ഉജാലക്കവലയ്ക്കടുത്ത് പഴംപള്ളിതടത്തിൽ സുരേഷിന്റെ മുരിക്കിടാവിനെയാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കടുവ ആക്രമിച്ചത്. സ്ഥലത്തെ വളർത്തു മൃഗങ്ങൾക്ക് ഭീഷണിയായ കടുവ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ആരോപണം.

വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെയാണ് കിടാവിനെ ഉപേക്ഷിച്ചു പോയത്. മൂരിക്കിടാവിന്‍റെ കഴുത്തിന് നീളത്തിൽ മുറിവ് പറ്റിയിട്ടുണ്ട്. തള്ളക്കടുവയും കുഞ്ഞുങ്ങളുമല്ലാത്ത വേറൊരു കടുവ മൈലമ്പാടി ഭാഗത്ത് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ആ കടുവ തന്നെയാണോ കൊളഗപ്പാറയിലും എത്തിയതെന്ന സംശയം വനംവകുപ്പിനുണ്ട്. പത്ത് ദിവസം മുമ്പും കൊളഗപ്പാറയിൽ പശു ആക്രമണത്തിന് ഇരയായിരുന്നു.




Tags:    
News Summary - Benachi Estate as tiger 'sanctuary'; Forest Department as spectators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.