സുൽത്താൻ ബത്തേരി: നിക്ഷേപിക്കാൻ സൗകര്യപ്രദമായ സ്ഥലമില്ലാത്തതിനാൽ കീറാമുട്ടിയായി നെന്മേനി പഞ്ചായത്തിലെ മാലിന്യ പ്രശ്നം. പരിഹാരമുണ്ടാക്കാൻ അധികൃതർ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും എന്ന് സാധിക്കുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചുള്ളിയോട് ചന്തക്ക് സമീപമാണ് സൂക്ഷിക്കുന്നത്.
ഇവിടെ ഒരു കെട്ടിടത്തിൽ മാലിന്യം ശേഖരിച്ചുവെച്ച് തരംതിരിച്ച് അയക്കുകയാണ് പതിവ്. ക്ലീൻ കേരള മാലിന്യം യഥാസമയം കൊണ്ടുപോകാത്തത് ഇവിടെ മാലിന്യങ്ങൾ നിറയാൻ കാരണമാകുന്നുണ്ട്. രണ്ടുമാസം മുമ്പ് ഇങ്ങനെയുള്ള മാലിന്യത്തിന് തീ പിടിക്കുകയും ചുള്ളിയോട് സ്വദേശി ഭാസ്കരൻ വെന്തുമരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മാലിന്യപ്രശ്നം വലിയ ചർച്ചയായത്.
രണ്ടുമാസം മുമ്പ് കത്തിപ്പോയ കെട്ടിടത്തിന് സമീപമുള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്. പഴയ പോലെ കൂടുതൽ മാലിന്യങ്ങൾ എത്തിയാൽ പ്രശ്നമുണ്ടാകുമെന്നുറപ്പാണ്. അതിന് പരിഹാരമെന്നോണം മൂന്നു വാർഡുകളിലെ മാലിന്യമാണ് ഒരു സമയം ഈ കെട്ടിടത്തിൽ എത്തിക്കുന്നത്.
അത് തരംതിരിച്ച് കയറ്റി പോയശേഷം മറ്റ് മൂന്നു വാർഡുകളിലെ മാലിന്യം എത്തിക്കും. ഈയൊരു അവസ്ഥയിൽ എല്ലാ വാർഡുകളിൽ നിന്നും ഒരേസമയം മാലിന്യം നീക്കം ചെയ്യാനാവില്ല. സ്വാഭാവികമായും പാഴ് വസ്തുക്കൾ വാർഡുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്.
രണ്ടുമാസം മുമ്പ് തീപിടുത്തം ഉണ്ടായപ്പോൾ ചുള്ളിയോട് ഭാഗത്തെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ടൗണിലെ കെട്ടിടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു. പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് മുന്നണിയിലെ മുസ് ലിം ലീഗും പ്രദേശവാസികളുടെ പ്രതിഷേധത്തിനൊപ്പം നിന്നു. ഇതോടെ പ്രശ്നം വിവാദമാവുകയായിരുന്നു.
ആദിവാസി കോളനി, വനിത ഐ.ടി.ഐ., ഹോമിയോ ആശുപത്രി, മീൻ മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയൊക്കെ മാലിന്യം സൂക്ഷിക്കുന്ന കെട്ടിടത്തിന് അടുത്തുണ്ട്. അതിനാൽ ഇനിയൊരു തീപിടിത്ത സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.