സുൽത്താൻ ബത്തേരി: ചെതലയം കാട്ടിൽ നിന്നുള്ള കാട്ടാനകൾ പാപ്ലശ്ശേരി, വട്ടത്താനി ഭാഗങ്ങളിൽ ജനത്തിന്റെ ഉറക്കം കെടുത്തുന്നു. കരിങ്കൽ മതിൽ മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. പരാതി പറഞ്ഞു മടുത്ത ജനം സമരം നടത്താനുള്ള ഒരുക്കത്തിലാണ്. ഏറ്റവും ഒടുവിലായി തിങ്കളാഴ്ച രാത്രി പ്രദേശത്ത് കടുവയുടെ സാന്നിധ്യവുമുണ്ടായി.
പൂതാടി പഞ്ചായത്തിലെ മരിയനാട്, ഗാന്ധിനഗർ, പാപ്ലശ്ശേരി വാർഡുകളിലാണ് കാട്ടാനകൾ എത്തുന്നത്. വട്ടത്താനി, കവലമറ്റം, അഴിക്കോടൻ നഗർ, മരിയനാട്, ചേലക്കൊല്ലി, തൂത്തിലേരി എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ഒരു മാസത്തോളമായി ഒരു ദിവസം പോലും ഇടതടവില്ലാത്ത രീതിയിലാണ് കാട്ടാന എത്തുന്നത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയൊക്കെ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന്, കരിങ്കൽ മതിലിനോട് ചേർന്നുള്ള മൺകൂന നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങി. മൺകൂനയിൽ ചവിട്ടിയാണ് ആന, മതിൽ മാറി കടന്നിരുന്നത്. ചേലക്കൊല്ലി ഭാഗത്താണ് മതിലിനോട് ചേർന്ന് കൂടുതൽ മൺകൂനകളുള്ളത്. തിങ്കളാഴ്ച രാത്രി വട്ടത്താനിയിൽ എത്തിയ കടുവ വളർത്തുപന്നിയെ കൊന്നു. മാനിന്റെ ജഡവും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രി വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.