മേപ്പാടി: മൂപ്പൈനാട് കടച്ചിക്കുന്ന് ക്വാറിയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിെൻറ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് സമീപ പ്രദേശമായ വാളത്തൂർ ചീരക്കുന്നിൽ മറ്റൊരു ക്വാറി തുടങ്ങാൻ അണിയറ നീക്കം. കൽപറ്റ സ്വദേശിയായ വ്യക്തിയുടെ പേരിൽ പഞ്ചായത്ത് ലൈസൻസിന് ഫെബ്രുവരി 18ന് അപേക്ഷ സമർപ്പിച്ചിച്ചു. ക്വാറി നടത്തിപ്പിനാവശ്യമായ വിവിധ സർക്കാർ വകുപ്പുകളുടെ എട്ടോളം അനുമതി രേഖകൾ ഇതിനകം രഹസ്യമായി നേടിയെടുത്ത ശേഷമാണ് പഞ്ചായത്ത് ലൈസൻസിന് അപേക്ഷ നൽകിയത്. ഇതേ രീതിയിലുള്ള നീക്കമാണ് കടച്ചിക്കുന്ന് ക്വാറിക്ക് വേണ്ടിയും നടന്നത്.
പഞ്ചായത്ത് ലൈസൻസ് നൽകാൻ വൈകിയത് മുതലെടുത്ത് ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു അന്ന്. റവന്യൂ വകുപ്പിൽനിന്ന് ആധാരങ്ങളുടെ പകർപ്പ്, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിരേഖ, ബ്ലാസ്റ്റിങ് ലൈസൻസ്, സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള അനുമതി തുടങ്ങിയ രേഖകൾ സംഘടിപ്പിച്ചതിന് ശേഷമാണ് പഞ്ചായത്ത് ലൈസൻസിന് അപേക്ഷ നൽകിയത്. ക്വാറി തുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ചും സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകാനിടയുള്ള ഭീഷണി സംബന്ധിച്ചും ആധികാരിക പഠനം നടത്താതെയാണ് വിവിധ സർക്കാർ വകുപ്പുകൾ അനുമതി രേഖകൾ അനുവദിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മൂപ്പൈനാട് വില്ലേജിൽ (ഗ്രാമപഞ്ചായത്ത് വാർഡ് 12) വാളത്തൂർ ചീരക്കുന്നിൽ സർവേ നമ്പർ 234/1,234/2, 234/5 എന്നിവയിൽപ്പെട്ടതും സ്വകാര്യ വ്യക്തിയിൽനിന്ന് പാട്ടത്തിനെടുത്തതുമായ 1.9207 ഹെക്ടർ ഭൂമിയിലാണ് ക്വാറി തുടങ്ങുന്നത്. പഞ്ചായത്തിലെതന്നെ ഉയരം കൂടിയ കുന്നിലാണ് വലിയ പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശം. 2009ൽ രണ്ടിടത്ത് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായ പ്രദേശമാണിത്. അടുത്ത് 50 മീറ്റർ പോലും അകലത്തിലല്ലാതെ നിരവധി വീടുകളുമുണ്ട്. അതീവ പരിസ്ഥിതി ദുർബല പ്രദേശമാണെന്നത് പരിഗണിക്കാതെയാണ് ക്വാറിക്ക് വേണ്ടിയുള്ള നീക്കം നടക്കുന്നത്.
ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. ജില്ല കലക്ടർക്ക് നിവേദനം നൽകുന്നതിനും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.