മേപ്പാടി: ഭർത്താവിനെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ പോയ വയനാട് ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസറെ വളർത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വയനാട് ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസർ മായ എസ്. പണിക്കർ, ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസിലെ കൗൺസിലർ നാജിയ ഷിറിൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മേപ്പാടി നെല്ലി മാളത്തെ വീട്ടമ്മ നൽകിയ പരാതി അന്വേഷിക്കാനായി ചെന്നതായിരുന്നു ഇവർ. ഭർത്താവായ ജോസിനെതിരെയാണ് പരാതി. ഭാര്യ നൽകിയ പരാതി അന്വേഷിക്കാൻ വന്നവരാണെന്ന് പറഞ്ഞതോടുകൂടി ജോസ് വളർത്തു നായയെ അഴിച്ചു വിടുകയായിരുന്നു. പട്ടിയെ പിടിച്ച് മാറ്റി തങ്ങളെ രക്ഷിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും ജോസ് അതിന് തയാറായില്ലെന്നാണ് പരാതി.
വനിത പ്രൊട്ടക്ഷൻ ഓഫിസറുടെ കാലിന് കടിയേറ്റു. പട്ടിയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൗൺസിലറെ പട്ടി പുറകെ ഓടിച്ച് ആക്രമിച്ചു. ഇവരുടെ ഇരു കാൽമുട്ടുകൾക്കും പരിക്കുണ്ട്. പ്രതി ജോസിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഗുരുതരമായ പരിക്ക് ഏൽപ്പിച്ചതിനും മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോസിനെ മേപ്പാടി എസ്.ഐ വി.പി. സിറാജിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.