മാനന്തവാടി: നാടു വിറപ്പിച്ച കടുവയെ കണ്ടെത്താനുള്ള ദൗത്യം വിജയിപ്പിക്കാൻ കഴിയാതെ കൊമ്പന്മാർ ആനപ്പന്തിയിലേക്ക് മടങ്ങി. കുറുക്കൻമൂലയെ ഭീതിയിലാഴ്ത്തിയ കടുവയെ തുരത്താനാണ് മുത്തങ്ങയിൽനിന്ന് രണ്ടാഴ്ച മുമ്പ് കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്.
ദിവസങ്ങളോളം ഇവർ പാപ്പാന്മാരുടെ നിർദേശങ്ങളനുസരിച്ച് കാടിളക്കി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ വനം വകുപ്പ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കേരള-കർണാടക അതിർത്തിപ്രദേശമായ നൂൽപ്പുഴക്കാരുടെ പേടിസ്വപ്നമായിരുന്നു ഇരു കൊമ്പന്മാരും. കൃഷി നശിപ്പിക്കാത്ത ദിവസങ്ങളില്ലായിരുന്നു. നിരന്തര ശല്യത്തെ തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ചെങ്കിലും ഇരുവരും കർണാടകയിലും കേരളത്തിലുമായി മൂന്നു പേരെ വീതം കൊന്നതോടെ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ച് പരിശീലനം നൽകി.
2016 നവംബറിൽ പിടികൂടിയ കല്ലൂർ കൊമ്പൻ ഭരത് എസ്.ഐ എന്നും 2019 മാർച്ചിൽ പിടികൂടിയ വടക്കനാട് കൊമ്പൻ വിക്രം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. പരിശീലനം സിദ്ധിച്ച ഇരുവരും ആദ്യമായാണ് പുറമെ തിരച്ചിലിനിറങ്ങിയത്. വടക്കനാടൻ ഇപ്പോൾ ശാന്തശീലക്കാരനാണെങ്കിലും കല്ലൂർ കൊമ്പൻ കാട്ടാനയുടെ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. ആനപ്പന്തിയിൽ ഇപ്പോൾ ഒമ്പത് ആനകളുണ്ട്. ഇവയെയെല്ലാം നിയന്ത്രിക്കുന്നത് ഈ കൊമ്പന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.