സുൽത്താൻ ബത്തേരി: ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാർ രണ്ടാമതും കടുവയുടെ ആക്രമണത്തിനിരയായത് കടുവക്ക് മുന്നിൽ വനപാലകരുടെ നിസ്സഹായതയാണ് തെളിയിക്കുന്നത്. ഇതിനു മുമ്പും കടുവ ഇതുപോലെ പിടികൂടിയിരുന്നു.
ചോര ചിന്തി തലനാരിഴക്കുള്ള രക്ഷപ്പെടൽ. ഒരു സുരക്ഷ കവചങ്ങളുമില്ലാതെ കടുവയെ തുരത്താനെത്തുന്ന വനപാലകർക്ക് മനക്കരുത്ത് മാത്രമാണ് കൈമുതൽ. ഇങ്ങനെ എത്രകാലം മുന്നോട്ടുപോകാൻ കഴിയും? ഒരു ഭാഗത്ത് ഭീതിയിലും രോഷത്തിലും നാട്ടുകാർ.
മറുഭാഗത്ത് നാട്ടിലിറങ്ങി മനുഷ്യരെ വരെ കൊല്ലുന്ന കടുവകൾ. അതിനിടയിൽ എല്ലാം കൊണ്ടും സഹിച്ചും താഴെത്തട്ടിലുള്ള വനപാലകർ. ഉയർന്ന ഉദ്യോഗസ്ഥരും സർക്കാറും മൗനത്തിലാണ്. വലിയ പരിക്കുണ്ടാകാതിരിക്കാൻ കോട്ട്, ഷീൽഡ്, ഹെൽമറ്റ് എന്നിവയൊക്കെയുണ്ടെങ്കിലേ കടുവയുടെ അടുത്തേക്ക് പോകാനാവൂ.
ഇതൊന്നുമില്ലാതെ കടുവക്കായി തിരച്ചിൽ നടത്തുന്നത് ആത്്മഹത്യപരം. തോക്കോ മറ്റ് ആയുധങ്ങളോ കൈവശമുണ്ടായിട്ടും കാര്യമില്ല. ജനവാസ കേന്ദ്രങ്ങളിൽ കടുവ ഇറങ്ങുന്നത് പതിവാണിപ്പോൾ. മനുഷ്യരെ കടുവ കൊന്നുതിന്നുന്ന അനുഭവവും വയനാട്ടിലുണ്ട്.
വനപാലകർ കടുവയെ നിരീക്ഷിക്കാനായി തോട്ടത്തിനുള്ളിലേക്ക് കയറിയപ്പോൾ ഇവരും തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. ചുറ്റുവട്ടങ്ങളിൽ വീടുകളുണ്ട്. പ്രധാന റോഡിൽനിന്ന് 50 മീറ്റർ പോലും അകലമില്ലാത്ത സ്ഥലത്തുവെച്ചാണ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചത്. ചെമ്പരത്തി വേലിക്കരികിൽ മറഞ്ഞിരുന്ന കടുവ പാഞ്ഞടുക്കുകയായിരുന്നു.
റേഞ്ച് ഓഫിസറെ തട്ടിയിട്ട് ആക്രമിക്കുന്നതിനിടെ കൈയിൽ കിട്ടിയ വടിയും കല്ലുകളുമെല്ലാം വലിച്ചെറിഞ്ഞാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതെന്ന് സണ്ണി പറഞ്ഞു. മാടത്തുവിള മധുവിെൻറ തോട്ടത്തിൽ വെച്ചായിരുന്നു ആക്രമണം.
പുൽപള്ളി: കൊളവള്ളിയിൽ നാട്ടുകാർക്ക് വനംവകുപ്പിെൻറ ജാഗ്രത നിർദേശം. കടുവയെ പിടികൂടാൻ രണ്ട് കൂടുകൾകൂടി സ്ഥാപിച്ചു.
പ്രദേശത്ത് തൊഴിലുറപ്പ് ജോലിക്ക് തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. പാൽ അളക്കുന്നതിെൻറ സമയവും നീട്ടിയിട്ടുണ്ട്. ഞായറാഴ്ച കൊളവള്ളി സെൻറ് ജോർജ് പള്ളിയിൽ ആരാധനയും നിർത്തിവെച്ചിരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണം എന്നാവശ്യപ്പെട്ട് മൈക്ക് അനൗൺസ്മെൻറും നടത്തുന്നുണ്ട്. കബനി കടന്നെത്തിയ കടുവയെ പിടികൂടുന്നതിന് പകരം മയക്കുവെടിവച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.