കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശു 

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ വീണ്ടും കടുവയെത്തി; പശുവിനെ കൊന്നു

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നതിനിടെ വീണ്ടും കടുവയെത്തി പശുവിനെ കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവൻ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ തൊഴിലാളിയായ പി.വി. ചന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച രണ്ടരയോടെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ സമയമാണ് കടുവ കറവപ്പശുവിനെ പിടികൂടിയത്. നാട്ടുകാർ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ചു കടന്നു. ജീവൻ പോവാതെ കിടന്ന പശു ഏറെനേരം മല്ലടിച്ചശേഷം ചത്തു. ദേവന് സമീപമുള്ള കുന്നംകൊല്ലിയിലെ സൈതലവിയുടെ കറവപ്പശുവാണ് ചത്തത്.

വീണ്ടും കടുവയെത്തിയതോടെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ തൊഴിലാളികളടക്കമുള്ളവർ പ്രതിഷേധിച്ചു. അനുരഞ്ജന ചർച്ചകൾക്ക് ശേഷം ചന്ദ്രന്‍റെ മൃതദേഹം  ആചാരപ്രകാരം വനപാലകർ തന്നെ ഏറ്റെടുത്തു ദഹിപ്പിക്കുകയായിരുന്നു.

പശുവിന്‍റെ ജഡം കുഴിച്ചിടേണ്ട എന്നാണ് വനപാലകർ ആവശ്യപ്പെട്ടത്. കടുവ വീണ്ടും എത്തുമ്പോൾ പിടികൂടാൻ ഇത് സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. കടുവയുടെ സഞ്ചാര ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പശുവിനെ കൊന്ന ഭാഗത്തെ മരത്തിൽ ഏറുമാടം കെട്ടി വനപാലകർ നിരീക്ഷിക്കും. എസ്റ്റേറ്റിലും പരിസരത്തുള്ള പ്രധാന റോഡുകളിലും വനപാലക സംഘം പട്രോളിങ് നടത്തും.

കടുവയിറങ്ങുന്ന മേഖലയിൽ രാത്രിയിൽ ആരും സഞ്ചരിക്കരുത് എന്ന് മുന്നറിയിപ്പുണ്ട്. മയക്കുവെടി വെക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. വെറ്ററിനറി ഡോക്ടർമാരും മറ്റ് വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊൻജയശീലൻ എം.എൽ.എ, മുതുമല കടുവാ സങ്കേത ഡയറക്ടർ വെങ്കിടേഷ്, ഊട്ടി ഡി.എഫ്ഒ.,സച്ചിൻ ദുക്കാറെ, ഡിവൈ.എസ്.പി കുമാർ, തൊഴിലാളി യൂനിയൻ നേതാക്കൾ എന്നിവർ സ്ഥലത്തെത്തി. 

Tags:    
News Summary - tiger kills cow in Gudallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.