മാനന്തവാടി: കടുവശല്യം രൂക്ഷമായ പനവല്ലി സർവാണിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇരുപത് ദിവസത്തോളമായി പനവല്ലി സർവാണിയിൽ കടുവയുടെ സാന്നിധ്യമുണ്ടായിട്ടും കൂട് വെക്കുകയോ കടുവയെ തുരത്തുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചിരുന്നു.
ദിവസവും വനംവകുപ്പ് ജീവനക്കാരെ പറഞ്ഞു വിടുകയല്ലാതെ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വ്യാഴാഴ്ച രാത്രി കടുവയെ കണ്ടതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ ഒത്തുകൂടി തടയുകയായിരുന്നു. തുടർന്ന് ബേഗൂർ റെയ്ഞ്ചർ കെ.രാഗേഷ് നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് കൂട് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ കൂട് സ്ഥാപിച്ചു.
സുൽത്താൻ ബത്തേരി: എർലോട്ട്കുന്ന് ജനവാസ മേഖലയിൽ കന്നുകാലികളേയും വളർത്തുനായ്ക്കളേയും കോഴികളേയും പിടികൂടി ജനങ്ങളിൽ പരിഭ്രാന്തിപരത്തിയ കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കടുവയെ കൂടുവച്ച് പിടികൂടുന്നതിനായി ഉത്തരവിട്ടിട്ടുണ്ട്. വൈൽഡ് ലൈഫ് ഡിവിഷനിലേയും സൗത്ത് വയനാട് ഡിവിഷനിലേയും ജീവനക്കാരെ ഉൾപ്പെടുത്തി തുടർച്ചയായ പട്രാളിങും നിരീക്ഷണവും നടപ്പാക്കിവരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുന്നതിനായി മൈക്ക് അനൗൺസ്മെന്റും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ 14ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വയനാട് റാപിട് റെസ്പോൺസ് ടീം ജാഗ്രതയോടെ സ്ഥലത്ത് പട്രോളിങ് നടത്തുന്നുണ്ടെന്നും അറിയിച്ചു.
സുൽത്താൻബത്തേരി: നൂൽപ്പുഴ എറളോട്ടുകുന്നിലെ കടുവ ഭീതി ഒഴിവാക്കാൻ സ്ഥലത്ത് കൂട് സ്ഥാപിച്ചു. എറളോട്ടുകുന്നിലെ കോഴിഫാമിന് അടുത്താണ് കൂട് സ്ഥാപിച്ചത്.
കടുവ പ്രദേശത്ത് തങ്ങുന്നതായി വ്യക്തമായതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് വിവിധ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച നൂൽപ്പുഴ പഞ്ചായത്ത് ഓഫിസ് ഹാളിൽ സർവകക്ഷി യോഗം ചേർന്നിരുന്നു.
24 മണിക്കൂറിനുള്ളിൽ കടുവയ്ക്കായി കൂട് വെക്കും എന്നായിരുന്നു വനംവകുപ്പ് അറിയിച്ചിരുന്നത്. കൂട് എത്തിച്ചതല്ലാതെ കടുവയെ ആകർഷിക്കുന്ന രീതിയിൽ ഇരയെ വെച്ചിരുന്നില്ല. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. പ്രകോപിതരായ നാട്ടുകാർ നായ്ക്കട്ടിയിൽ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെത്തി കൂട് ഉടൻ സ്ഥാപിക്കുമെന്ന് ഉറപ്പു കൊടുത്തതോടെയാണ് സമരക്കാർ പിരിഞ്ഞത്. കടുവ നായ്ക്കട്ടി, എറളോട്ടുകുന്ന് ഭാഗങ്ങളിൽ മാറിമാറി സഞ്ചരിക്കുകയാണ്. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.