കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറുമാസത്തെ ഇടവേളക്കുശേഷം തുറക്കാനൊരുങ്ങുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സെപ്റ്റംബറോടെ തുറക്കാനൊരുങ്ങുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞയാഴ്ച സഞ്ചാരികൾക്കായി തുറന്നിരുന്നു.
പൂക്കോട്, കർലാട്, എടക്കൽ, കാന്തൻപാറ, മാനന്തവാടി പഴശ്ശിപാർക്ക്, പുൽപള്ളി പഴശ്ശി മ്യൂസിയം, അമ്പലവയൽ മ്യൂസിയം എന്നീ കേന്ദ്രങ്ങളാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ളത്. കോവിഡ് അടച്ചിടലിനെ തുടർന്ന് ടൂറിസം മേഖല നിശ്ചലമായിരിക്കുകയാണ്. മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് ആയിരക്കണക്കിന് പേരാണ് ഉപജീവനം നടത്തിയത്. വിനോദ കേന്ദ്രങ്ങൾ അടഞ്ഞതോടെ ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാരെല്ലാം പട്ടിണിയിലായി. പുറമെ, കൂലിപ്പണിക്കും മറ്റുംപോയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. അണുനശീകരണവും ശുചീകരണപ്രവർത്തനങ്ങളും നടത്തിയതിനുശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനോട് റിപ്പോർട്ട് തേടിയിരുന്നു. സെപ്റ്റംബർ ഒന്നോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാനാകുമെന്ന മറുപടിയാണ് ബന്ധപ്പെട്ടവർ നൽകിയത്. ഇനി സർക്കാറിെൻറ അന്തിമ അനുമതി മാത്രമാണ് ബാക്കിയുള്ളത്.
ജില്ലയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് വിനോദ സഞ്ചാരം. കാർഷിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ടൂറിസം വരുമാനത്തിൽനിന്നാണ് പിടിച്ചുനിന്നിരുന്നത്. എന്നാൽ, ആറു മാസമായി ആളനക്കമില്ലാതെ കിടക്കുകയാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് പകുതിയോടെയാണ് അടച്ചിടുന്നത്. ഇതോടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡി.ടി.പി.സി) മാത്രം നഷ്ടം 3,70,29,255 രൂപയാണ്.
മാർച്ചിലെ 13.96 ലക്ഷം രൂപ വരുമാനം മാറ്റി നിർത്തിയാൽ ഒരു നയാപൈസ പോലും ഡി.ടി.പി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. കഴിഞ്ഞവർഷം മാർച്ച് മുതൽ ആഗസ്റ്റ് വരെ 38,425,803 രൂപയാണ് വരുമാനമായി ലഭിച്ചത്. ഏപ്രിൽ, മേയ് ഉൾപ്പെടെയുള്ള ടൂറിസം സീസണുകളും ഇത്തവണ നഷ്ടമായി.
ജില്ലയിലെ വനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടൂറിസം വിലക്കിന് ഒന്നര വർഷമാകുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലയിൽ വനം വകുപ്പിനെ കീഴിലുള്ള സൂചിപ്പാറ, ചെമ്പ്രമല, മീൻമുട്ടി, കുറുവാ ദ്വീപ് എന്നീ കേന്ദ്രങ്ങൾ അടച്ചത്.
വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയെ തുടർന്നാണ് കോടതി ഉത്തരവ്. സാങ്കേതികമായ ലഭിക്കേണ്ട കേന്ദ്രാനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടൂറിസം കേന്ദ്രങ്ങൾ അടപ്പിച്ചത്. പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് ജില്ലയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുണ്ട്. കേസ് കോടതിയിൽ തുടരുകയാണ്.
ജില്ലയിൽ ഹൈഡൽ ടൂറിസം പദ്ധതികളായ ബാണാസുര സാഗറും കാരാപ്പുഴ വിനോദ കേന്ദ്രവും ഉടൻ തുറക്കില്ല. കോവിഡ് സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.