മീനങ്ങാടി: മീനങ്ങാടി ടൗണില്‍ തിങ്കളാഴ്ച മുതല്‍ ട്രാഫിക് പരിഷ്കരണം നിലവില്‍ വരും. സ്ഥിരം പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കി 20 മിനിറ്റ് നേരം സ്ഥാപനത്തിനു മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനോ അനുമതി നല്‍കും. ഡ്രൈവര്‍ വിളിപ്പാടകലെ ഉണ്ടാകണമെന്ന നിബന്ധനയോടെയാണ് പാര്‍ക്ക് ആൻഡ് ബൈ സിസ്റ്റം നടപ്പാക്കുന്നത്.
രാവിലെ വാഹനം നിര്‍ത്തിയിട്ട് രാത്രി തിരിച്ചെത്തുന്നത് വരെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തും. പൊലീസ് സ്റ്റേഷന് മുതല്‍ മുസ്ലിം പള്ളി വരെ റോഡിന്റെ വടക്ക് ഭാഗത്തെ പാര്‍ക്കിങ് പൂര്‍ണമായി നിരോധിച്ചു. ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും പുനഃക്രമീകരണം വരുത്തിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ പഞ്ചായത്ത് ഓഫിസിനു മുമ്പിലെ ബസ്ബേ യില്‍ നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. പുല്പള്ളി -അപ്പാട് ഭാഗത്തുനിന്നുള്ള ബസുകള്‍ ബ്രദേഴ്സ് ഹോട്ടലിനു മുന്നിൽ നിർത്തണം. കാര്യമ്പാടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ വില്ലേജ് ഓഫിസിനു എതിര് വശവും നിർത്തണം. മറ്റ് ബസ് സ്റ്റോപ്പുകള്‍ക്ക് മാറ്റമില്ല.
രാവിലെ ഒമ്പത് മുതല്‍ 10.30 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയും ടൗണില്‍ വലിയ വാഹനങ്ങളില്‍ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും നിരോധനമുണ്ട്. ഈ സമയങ്ങളില്‍ സ്കൂള്‍ റോഡിലൂടെ ടിപ്പര്‍ മുതലായ വാഹനങ്ങള്‍ അനുവദിക്കില്ല. ടൗണിലെ നടപ്പാതയുടെ ഹാൻഡ് റെയിലില്‍ കൊടി തോരണങ്ങള്‍ കെട്ടാൻ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ടൗണില്‍ വഴിയോര കച്ചവടമോ, വാഹനങ്ങളിലെത്തിച്ചുള്ള വില്പനയും അനുവദിക്കില്ല.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്, സ്റ്റേഷന് ഹൗസ് ഓഫിസര്‍ രാംകുമാര്‍, ഗ്രമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്, പി. വാസുദേവന്‍, ഭരണ സമിതി അംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.