കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽനിന്ന് ഈട്ടിത്തടികൾ മുറിച്ചു കടത്തിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മുട്ടില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന ബി.പി. രാജുവിനെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മരംമുറി വിവാദമായതോടെ രാജുവിനെ കൽപറ്റ സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഈട്ടി മുറിക്കാനും കടത്താനും കൂട്ടുനിന്നെന്നും കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഈട്ടിത്തടികൾ കടത്തിക്കൊണ്ടുപോകുന്നതിനായി ലഭിച്ച അപേക്ഷയിൽ വ്യക്തമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രാജുവിന് മേപ്പാടി റേഞ്ച് ഓഫിസർ നിർദേശം നൽകിയിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം മരംമുറിക്കാൻ അപേക്ഷകർക്ക് അനുമതിയുണ്ടെന്ന് മറുപടി നൽകിയ രാജു, പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചതിൽനിന്ന് മുഖ്യപ്രതികളിലൊരാളായ റോജി അഗസ്റ്റിൻ പലപ്പോഴായി 64 തവണയാണ് രാജുവിനെ ഫോണിൽ വിളിച്ചത്. രാജു 71 തവണ റോജിയെയും വിളിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ ആേൻറാ അഗസ്റ്റിനെ രാജു 42 തവണയും ആേൻറാ തിരിച്ച് 34 തവണയും വിളിച്ചതായി കണ്ടെത്തി. ഇതെല്ലാം മരംമുറി നടന്ന നവംബര്‍ മുതല്‍ നിയമനടപടികള്‍ ആരംഭിച്ച മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. വനംവകുപ്പ് പ്രതികള്‍ക്കെതിരെ മഹസ്സര്‍ തയാറാക്കിയ കാലയളവിലാണ് ഇയാള്‍ പ്രതികളുമായി ബന്ധം സ്ഥാപിച്ചതെന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. കൂടാതെ, മരംമുറി നടന്ന പ്രദേശങ്ങളിലെത്തി രാജു പ്രതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. നേരത്തെ മരം എറണാകുളത്തേക്ക് കടത്തിയ ദിവസം ലക്കിടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
മരംമുറി കേസിൽ സി.ബി.എ അന്വേഷണം: ഹരജി വിധി പറയാൻ മാറ്റി
കൊച്ചി: പട്ടയഭൂമിയിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നൽകിയ പൊതുതാൽപര്യഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.