വയസ്സ് 83 ആയി. ചാവുന്നതിന് മുമ്പ് ഭൂമി കിട്ടുമോ? ഭൂസമരസമിതി നേതാവ് ഒണ്ടൻ പണിയേൻറതാണ് ചോദ്യം. സർക്കാർ ആദിവാസികളോട് കാണിക്കുന്ന വഞ്ചനയുടെ എല്ലാ നൊമ്പരങ്ങളും ആ ചോദ്യത്തിലുണ്ട്. ഗ്രൂപ് സ്കെച്ചില്ലാതെ ഇൻഡിവിജ്വൽ സ്കെച്ച് മാത്രം വെച്ച് പട്ടയം കൊടുത്ത് കബളിപ്പിച്ച കഥകളാണ് ഭൂവിതരണത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നത്.
ഭൂസമരസമിതി നേതാവും തൊവരിമല സമരപോരാളിയുമായ ഒണ്ടൻ പണിയൻ ബത്തേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരവുമായി എത്തിയതോടെയാണ് ഭൂമി വിതരണത്തിനുള്ളിലെ വഞ്ചന പുറംലോകത്തെത്തിയത്. 2011ൽ വയനാട് ജില്ലയിൽ 722 പട്ടയങ്ങൾ ആദിവാസികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരു ഏക്കർ വീതം വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം, കെ.എസ്.ടി നിയമം-1999 പ്രകാരം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തതെങ്കിലും ഒരു കുടുംബത്തിനുപോലും ഭൂമി നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഈ കബളിപ്പിക്കലിെൻറ തുടർച്ചയായി പട്ടയമഹോത്സവം വീണ്ടും നടത്തിക്കൊണ്ടിരിക്കുന്നു. വാർത്തസമ്മേളനം നടത്തി ജില്ലയിലെ ഭൂപ്രശ്നമെല്ലാം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി 'ആത്മാർഥമായി' പ്രഖ്യാപിക്കുന്നതും സംശയത്തോടെയാണ് ആദിവാസികൾ കാണുന്നത്.
2011 സെപ്റ്റംബർ 15നാണ് ഒണ്ടൻ പണിയെൻറ ഭാര്യ കൊറുമ്പിയുടെ പേരിൽ സർവേ നമ്പർ 111, ആയിട്ടുള്ള പട്ടയം നൽകിയത്. രേഖയിലൊരു കടലാസ് കിട്ടിയെന്നതല്ലാതെ മറ്റ് ഉപകാരങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല. അന്ന് വിതരണം ചെയ്ത 722 പട്ടയങ്ങളിൽ നല്ലൊരു ശതമാനവും രേഖകളിൽ മാത്രമാണുള്ളത്. പട്ടയപ്രകാരമുള്ള ഭൂമിയെ കുറിച്ച്, അതെവിടെയാണെന്നുപോലും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിരവധി ഓഫിസുകളിൽ 10 വർഷമായി കയറിയിറങ്ങിയിട്ടും ഭൂമി നൽകാൻ അധികാരികൾ തയാറായതുമില്ല. കലക്ടർ, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ അധികാരികൾക്കെല്ലാം നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. വയനാട് ജില്ലയിലെ ഗോത്രജനവിഭാഗങ്ങൽ വലിയൊരു വിഭാഗം വരുന്ന പണിയ, അടിയ വിഭാഗങ്ങൾ നാമമാത്ര ഭൂമിപോലുമില്ലാത്തവരാണ്.
അതേസമയം, ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് നിയമവിരുദ്ധമായി സ്വകാര്യ കമ്പനികൾ ൈകയടക്കിയിരിക്കുന്നത്. വയനാട് ജില്ല കലക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 30,000 ഏക്കർ വരുന്ന, അനധികൃതമായി പലരും കൈവശപ്പെടുത്തിയിരിക്കുന്ന 13 തോട്ടങ്ങൾ ബ്രട്ടീഷ് കമ്പനികൾ 1947ൽ ഉപേക്ഷിച്ചുപോയവയാണ്. ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാൻ മാറ്റിവെച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയും വയനാട് ജില്ലയിൽ ഉണ്ട്. എന്നിട്ടും ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഈ സാഹചര്യത്തിലാണ് കുടുംബത്തിന് നൽകിയ പട്ടയഭൂമി അളന്നുതരണമെന്ന ആവശ്യമുന്നയിച്ച് െസപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഒണ്ടൻ പണിയൻ സൂചന സത്യഗ്രഹം നടത്തിയത്.
ഒരു കുടുംബത്തിെൻറ മാത്രം അവസ്ഥയല്ല ഇത്. മുമ്പ്, സമരത്തിൽ പങ്കെടുത്ത് ക്രൂരമർദനം ഏൽക്കേണ്ടിവന്ന കുടുംബങ്ങൾക്കുപോലും ഒരു തുണ്ടു ഭൂമി ലഭിക്കാത്ത അസ്ഥയുണ്ട്. ഭൂസമരമെന്ന പേരിൽ വോട്ടുബാങ്ക് ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ആദിവാസികളെ സമരത്തിന് തള്ളിവിട്ട് പിന്നിൽ കൈകെട്ടിനിന്ന ചരിത്രമാണ് ജില്ലയിലെ ഭൂസമരകേന്ദ്രങ്ങളിൽ കാണാനാവുക.
ഭൂമി ചൂണ്ടിക്കാണിക്കാതെ രേഖകൾ മാത്രം നൽകി ബഹുഭൂരിപക്ഷത്തെ കബളിപ്പിക്കുമ്പോൾ ഭൂമി ലഭിച്ചവരുടെ ജീവിതവും പഴയതിനേക്കാൾ ദുരിതത്തിലാണ്.
സദാസമയവും വീട്ടുമുറ്റത്തെത്തുന്ന വന്യമൃഗങ്ങൾക്കിടയിൽ ജീവൻ പണയംെവച്ചാണ് ഇത്തരം ഭൂമികളിൽ ഇവർ ജീവിക്കുന്നത്. ഭൂമി കൈയേറി സമരംചെയ്ത കുടുംബങ്ങൾക്ക് വനത്തോട് ചേർന്ന ഇത്തരം ഭൂമികൾ അളന്ന് നൽകുകയായിരുന്നു. പുളിഞ്ഞാൽ, കുഞ്ഞോം, മംഗലശ്ശേരി, ബപ്പനം, മട്ടിലയം, ചാത്തൻകൈ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങൾ വിഹരിക്കുന്ന ഭൂമിയാണ് ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചതെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഏക്കർകണക്കിന് ഭൂമി സ്വന്തമായുണ്ടായിട്ടും ഒരു കാർഷികവിളപോലും നട്ടുണ്ടാക്കാനാവാത്ത ഗതികേടിലാണ് ഈ കുടുംബങ്ങൾ. വന്യമൃഗങ്ങൾ തമ്പടിച്ച വനപാതയിലൂടെയാണ് ചെറിയ കുട്ടികളടക്കം സ്കൂളിലേക്ക് പോകുന്നത്.
ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സമരഭൂമിയിലെ കുടുംബങ്ങളുടെ വീടിന് വേണ്ടിയുള്ള അപേക്ഷയും കാലങ്ങളായി അധികൃതർ പരിഗണിച്ചിട്ടില്ല. സമരം ചെയ്ത് നേടിയ ഭൂമി ഇട്ടെറിഞ്ഞ് പല കുടുംബങ്ങളും മറ്റ് കോളനികളിലേക്ക് താമസം മാറ്റേണ്ടിവന്നു.
അധികൃതരുടെ അവഗണനയും വന്യമൃഗങ്ങളുടെ ശല്യവും കാരണം ഭൂമി ലഭിച്ച കുടുംബങ്ങളിൽ പലരും പിന്നീട് സമരഭൂമി വിട്ട് ഇറങ്ങാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ചിട്ടും എങ്ങുമെത്താതെ നീളുകയാണ് വയനാട്ടിലെ ആദിവാസി ഭൂസമരം. ഗോത്രജനതയുടെ താമസിക്കാൻ ഭൂമി എന്ന സ്വപ്നം യാഥാർഥ്യമാവാൻ ഇനിയും എത്രനാൾ നീളും എന്നതാണ് ചോദ്യം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.