കൽപറ്റ: ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷനല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാടിന് സ്വര്‍ണമെഡല്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2015നെ അപേക്ഷിച്ച് 2022ല്‍ ക്ഷയരോഗം കുറഞ്ഞുവോയെന്നു പരിശോധിക്കുന്നതിനായി നടത്തിയ സര്‍വേയാണ് പുരസ്‌കാര നിര്‍ണയത്തിെൻറ അടിസ്ഥാനം.
ഈ സര്‍വേ ഫലങ്ങള്‍ക്കനുസൃതമായും കഴിഞ്ഞ ഏഴുവര്‍ഷത്തെ ജില്ലയുടെ ടി.ബി നിവാരണ പ്രവര്‍ത്തനങ്ങളും പുരസ്‌കാര നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിച്ചു.
വ്യക്തികളുടെ വിവരശേഖരണം, മരുന്നുകളോടുള്ള രോഗികളുടെ മനോഭാവം, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാരുടെ ടി.ബി ചികിത്സയുടെ ഗ്രൂപ് ചര്‍ച്ച തുടങ്ങി ഏറെ കടമ്പകള്‍ പിന്നിട്ടാണ് വയനാടിന് ഈ നേട്ടം കൈവരിക്കാനായത്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം ജില്ലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ക്ഷയരോഗം 60 ശതമാനം കുറഞ്ഞെങ്കില്‍ സ്വര്‍ണവും 40 ശതമാനമെങ്കില്‍ വെള്ളിയുമാണ് ലഭിക്കുക.
20 ശതമാനം മാത്രമാണ് കുറഞ്ഞതെങ്കില്‍ വെങ്കലമെഡലും നല്‍കിവരുന്നു. ഫെബ്രുവരി 19 മുതല്‍ ജില്ലയില്‍ 15 വില്ലേജുകളിലായി 15 ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വേയാണ് നടന്നത്. 15 ടീമുകളായി ആശാപ്രവര്‍ത്തകരും ആർ.ബി.എസ്.കെ നഴ്‌സുമാരും അക്ഷീണം പ്രവര്‍ത്തിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ല ടി.ബി ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ഷിജിന്‍ ജോണ്‍ ആളൂർ, ജില്ല ടി.ബി സെന്‍റര്‍ ജീവനക്കാര്‍ എന്നിവർ നേതൃത്വം നല്‍കി.
10,000 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 35,000 ആളുകളെ സ്‌ക്രീനിങ്ങിനു വിധേയരാക്കി. ഇതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. കേരളത്തില്‍നിന്ന് വയനാടിന് പുറമെ മലപ്പുറം ജില്ലക്കും സുവര്‍ണനേട്ടമുണ്ട്. ജമ്മു-കശ്മീരിലെ അനന്ത്‌നാഗ്, കുപ്‌വാര, പുല്‍വാമ, മധ്യപ്രദേശിലെ ഘാര്‍ഗണ്‍, മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗര്‍, പശ്ചിമബംഗാളിലെ പുര്‍ബ മെഡിനിപുര്‍ എന്നിവയും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വര്‍ണമെഡല്‍ നേടി.
കൽപറ്റ: 'ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവൻ സംരക്ഷിക്കാം' എന്ന പ്രമേയത്തിൽ ജില്ലയിലും ലോക ക്ഷയരോഗ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം ആരോഗ്യ മേഖലയിൽ വെല്ലുവിളിയായി തുടരുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ക്ഷയരോഗ ദിനാചരണ ലക്ഷ്യം. ജില്ലതല പരിപാടിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മാർച്ച് 24ന് വൈകീട്ട് 4.30ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ (അശ്വതി നഗർ) നടക്കും. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിക്കുന്ന് കളേഴ്സ് കലാസമിതിയിലെ ചെണ്ടവാദ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന ശിങ്കാരിമേളത്തിെൻറ അകമ്പടിയോടെ വയലിൻ കലാകാരനും സംഗീത സംവിധായകനുമായ റജി ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജില്ല ടി.ബി ഓഫിസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ല മാസ്മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ടി.ബി, എച്ച്.ഐ.വി കോഓഡിനേറ്റർ വി.ജെ. ജോൺസൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.